07 August 2015

കാപട്യം കയറിയ ഖല്‍ബ്

ഒരു മനുഷ്യനെ ശുദ്ധനാക്കുന്നതും മോശക്കാരനാക്കുന്നതും അവന്‍റെ ഹൃദയമാണല്ലോ. ഹൃദയം ശുദ്ധമായാല്‍ അയാളുടെ ബാക്കി ഭാഗങ്ങളും ശുദ്ധമായി. ഹൃദയത്തില്‍ കാപട്യം കയറിയാലോ? അവന്‍ കപടനായി തീരാന്‍ പിന്നെ അധിക സമയം വേണ്ടിവരില്ല.  കപടന്മാരുടെ സ്വഭാവങ്ങളും അവര്‍ക്കുള്ള ശിക്ഷകളും മനസ്സിലാക്കിയ ഒരു മനുഷ്യന്‍ പിന്നെ കപടനായി ജീവിക്കാന്‍ തയ്യാറാകുമോ? ഇല്ല എന്ന് തീര്‍ച്ചയാണ്. പക്ഷെ, നമ്മുടെ ജീവിതത്തിലേക്ക് കാപട്യം കയറിവരുന്ന പല പ്രവര്‍ത്തനങ്ങളിലും നാം ഏര്‍പ്പെടാറില്ലേ? ആലോചിച്ചു നോക്കൂ. ഉണ്ടോ? കുറച്ചൊക്കെ ഉണ്ട് അല്ലെ? എങ്കില്‍ ആ പ്രവര്‍ത്തനങ്ങളെ നാം തിരിച്ചറിയുക തന്നെ വേണം.
.
��സുബ്ഹി ജമാഅത്തിന്‍റെ വിഷയത്തില്‍ നമുക്ക് വേണ്ടത്ര ശ്രദ്ധയുണ്ടോ? ശ്രദ്ധയില്ലെങ്കില്‍ നമ്മള്‍ പേടിക്കണം. നമ്മുടെ മനസ്സിലേക്ക് കാപട്യം കയറുന്നുണ്ട്. നബി (സ) യുടെ ഈ വാചകം ശ്രദ്ധിക്കുക;-
.
����“കപടന്മാര്‍ക്ക് ഏറ്റവും ഭാരമേറിയ നമസ്ക്കാരമാണ് ഇഷാഉം സുബ്ഹിയും.”
(ബുഖാരി:564 , ഇബ്നു ഖുസൈമ:37)
.
✌കാരണം ഇത് രണ്ടും രാത്രിയിലെ നമസ്ക്കാരങ്ങളാണ്. ഇശാഅ് ഉറക്കിന്‍റെ സമയത്താണ്. സുബ്ഹിയാവട്ടെ നിദ്ര അതിന്‍റെ പാരമ്യതയില്‍ നില്‍ക്കുമ്പോഴും. അതുകൊണ്ട് തന്നെ ഈ രണ്ട് നമസ്ക്കാരങ്ങള്‍ക്കും പള്ളിയിലെത്തുക എന്നത് വിശ്വാസം ശരിക്കും ഉറച്ചവര്‍ക്ക് മാത്രം സാധ്യമാകുന്നതാണ്.
.
☝ഒരാളുടെ ഈമാനിന്‍റെ വിഷയത്തില്‍ നബി (സ) ക്ക് എന്തെങ്കിലും സംശയം വന്നാല്‍ അയാളെ സുബ്ഹി ജമാഅത്തില്‍ നബി (സ) പരിശോധിക്കും. നമസ്ക്കാര ശേഷം പ്രവാചകന്‍ ചോദിക്കും; “ഇന്നയാള്‍ വന്നിട്ടുണ്ടോ?” സ്വഹാബികള്‍ മറുപടി പറയും; ഇല്ല. അപ്പോള്‍ നബി (സ) പറയും; “ ഈ രണ്ട് നമസ്ക്കാരങ്ങളും –സുബ്ഹി , ഇശാഅ്- കപട വിശ്വാസികള്‍ക്ക് പ്രയാസമേറിയത് തന്നെയാണ്. അതിലെ രണ്ടിന്‍റേയും പ്രതിഫലമെങ്ങാനും അവര്‍ അറിഞ്ഞിരുന്നെങ്കില്‍ മുട്ടില്‍ ഇഴഞ്ഞിട്ടെങ്കിലും അവര്‍ പള്ളിയിലെത്തുമായിരുന്നു.” 
(ഹദീസ്. അഹ്മദ്: 21266)
.
��നബി (സ) യുടെ കാലത്ത് സ്വഹാബികളില്‍ ആരും സുബ്ഹിക്കും ഇശാഇനും പള്ളിയില്‍ വരാതിരുന്നിട്ടില്ല. സ്വീകരിക്കപ്പെടുന്ന കാരണങ്ങള്‍ കൊണ്ട് മാത്രമേ അവര്‍ ജമാഅത്തുകള്‍ക്ക് വരാതിരുന്നിട്ടുള്ളൂ. കപടന്മാര്‍ മാത്രമാണ് സുബ്ഹിക്കും ഇശാഇനും ഇടയ്ക്കിടെ മുങ്ങിയിരുന്നത്. ഇനി നമ്മള്‍ ആലോചിക്കുക, നമ്മള്‍ ആരുടെ പക്ഷത്താണ്? സ്വഹാബികളുടെ ഭാഗത്തോ? കപടന്മാരുടെ കൂട്ടത്തിലാവാന്‍ നമുക്കാഗ്രഹമില്ല. പക്ഷെ നമ്മുടെ പ്രവര്‍ത്തനത്തില്‍ കാപട്യം കയറിയിട്ടുണ്ടെങ്കില്‍ നാം കപടന്മാരുടെ കൂട്ടത്തില്‍ ആവതിരിക്കുന്നത് എങ്ങനെയാണ്? സാധ്യമാണോ? സാധ്യമല്ല.
✌ഈ രണ്ട് ജമാഅത്തിന് വരാത്തവരെ സ്വഹാബികള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കാരണം അവര്‍ നബി (സ) യുടെ ശിഷ്യന്മാരാണ്.ഈ ജമാഅത്തുകളുടെ പുണ്യം മനസ്സിലാക്കി അതനുസരിച്ച് പ്രവര്‍ത്തിക്കുന്നവരാണ്. മഹാനായ സ്വഹാബി അബ്ദുല്ലാഹിബ്നു ഉമര്‍ (റ) പറയുന്ന ഒരു വാചകം നാം കാണേണ്ടതാണ്. അദ്ധേഹം പറഞ്ഞു;-
.
��“സുബ്ഹിക്കും ഇശാഇനും ഒരാളെ കാണാതിരുന്നാല്‍ ഞങ്ങള്‍ അയാളെ കുറിച്ച് മോശം വിചാരിക്കുമായിരുന്നു.”
(ഇബ്നു ഹിബ്ബാന്‍: 456,  സ്വഹീഹു തര്‍ഗീബ്: 417)
.
☀സുബ്ഹാനല്ലാഹ്! ഇതാണ് സ്വഹാബത്ത്! അവരുടെ ഈമാന്‍ എവിടെ? നമ്മുടെ ഈമാന്‍ എവിടെ? അവര്‍ കൊതിച്ച സ്വര്‍ഗ്ഗമല്ലേ നമ്മളും കൊതിക്കുന്നത്? അവര്‍ ആഗ്രഹിച്ച വിജയമല്ലേ നാമും ആഗ്രഹിക്കുന്നത്? അതെ. പക്ഷെ, നമ്മുടെ ഈമാന്‍ പരീക്ഷിക്കപ്പെടുന്ന, മനസ്സിലെ കാപട്യം വെളിവാക്കപ്പെടുന്ന സുബ്ഹി ജമാഅത്തിന്‍റെ വിഷയത്തില്‍ സ്വഹാബികളുടെ മാര്‍ഗത്തിലാണോ നാം ഉള്ളത്? ആണെങ്കില്‍ നമുക്ക് നല്ലത്! അല്ലെങ്കിലോ? വിശ്വാസം പരീക്ഷിക്കപ്പെടുന്ന ഈ സംഗതിയില്‍ നമ്മള്‍ പരാജയത്തിലാണ്. പൂര്‍ണ്ണ പരാജയം! വിശ്വാസ രംഗത്ത് നാം പരാജയമാണെങ്കില്‍ സഹോദരാ, നമ്മുടെ അവസ്ഥ എന്താവും? വിജയം കൊതിക്കാന്‍ നമുക്ക് അര്‍ഹതയുണ്ടോ?
.
��സുബ്ഹിയുടെ സമയത്തുള്ള ഉറക്കം നമ്മെ എത്തിക്കുന്നത് നാശത്തിലേക്കാണെന്ന് ബോധ്യപ്പെടുന്നില്ലേ? ബോധ്യപ്പെടണം. ഇല്ലെങ്കില്‍ നമ്മള്‍ നഷ്ടത്തിലാണ്. നികത്താനാവാത്ത നഷ്ടത്തില്‍! കാപട്യം കയറിയ, വിശ്വാസ ദൃഢതയില്ലാത്ത,  പരീക്ഷണങ്ങളില്‍ പതറുന്ന, ചാഞ്ചാടിക്കൊണ്ടിരിക്കുന്ന ഖല്‍ബാണോ നമ്മെ നയിക്കുന്നത്?  അതല്ല, വിശ്വാസദാര്‍ഢൃമുള്ള ഉറച്ച മനസ്സാണോ നമുക്ക് വേണ്ടത്? നാം തീരുമാനിക്കുക. ഇന്നുതന്നെ!

Share:

0 comments:

Post a Comment