02 July 2015

സകാത്ത് അഥവാ ദാന ധർമം

(Part-1)

സകാത്ത് എല്ലാ അര്‍ത്ഥത്തിലും വര്‍ധനവാണ്..
••••••••••••••••••••••••••••••••••••••••••••
( ഇബ്നു ഉസൈമീന്‍(റ) യുടെ വിശദീകരണത്തെ അവലംഭമാക്കി എഴുതിയ ലേഖനം ) 
•••••••••••••••••••••••••••••••••••••••••••

സകാത്ത് എന്ന പദത്തിന്‍റെ ഭാഷാര്‍ത്ഥം : വര്‍ധനവ്‌, വികാസം, ശുദ്ധീകരണം തുടങ്ങിയ അര്‍ത്ഥങ്ങളാണ് ഭാഷയില്‍ സകാത്തിനുള്ളത് .

കര്‍മ്മശാസ്ത്ര പണ്ഡിതന്മാരുടെ നിര്‍വചനം : അനുഗ്രഹീതനും പരമോന്നതനുമായ അല്ലാഹുവിന് ആരാധനയെന്നോണം നിര്‍ണ്ണിതമായ ചില സമ്പത്തുകളില്‍ നിന്നും, നിര്‍ബന്ധവും നിര്‍ണ്ണിതവുമായ ഒരു വിഹിതം, നിര്‍ണ്ണിതമായ അവകാശികള്‍ക്ക് നല്‍കുന്നതിനെയാണ്‌ സകാത്ത് എന്ന് പറയുന്നത്.

സകാത്തിന്‍റെ ഭാഷാര്‍ത്ഥത്തിന് അതിന്‍റെ നിര്‍വചനവുമായി ഏറെ ബന്ധമുണ്ട്. എല്ലാ നിലക്കും സകാത്ത് വര്‍ധനവാണ്.

1- നല്‍കുന്ന ആളുടെ ഈമാന്‍ വര്‍ധിക്കുന്നു.

പ്രവാചകന്‍(സ) പറഞ്ഞു:

لا يؤمن أحدكم حتى يحب لأخيه ما يحب لنقسه
" താന്‍ ഇഷ്ടപ്പെടുന്നത് തന്‍റെ സഹോദരന് വേണ്ടിയും ഇഷ്ടപ്പെടുന്നത് വരെ ഒരാളും വിശ്വാസിയാവുകയില്ല " [സ്വഹീഹ് മുസ്‌ലിം].

നമ്മുടെ ആവശ്യങ്ങള്‍ക്കുള്ള പണം ലഭിക്കണമെന്ന് നാം ആഗ്രഹിക്കാറില്ലേ ?!. അതുപോലെ നമ്മുടെ സഹോദരങ്ങള്‍ക്കും അവരുടെ ആവശ്യത്തിനുള്ള സമ്പത്ത് ലഭിക്കട്ടെയെന്ന് നാം ആഗ്രഹിക്കേണ്ടതുണ്ട്. അത് നമ്മുടെ ഈമാന്‍ വര്‍ധിക്കുവാന്‍ ഇടവരുത്തുന്നു.

അല്ലാഹു പറയുന്നു :

لَنْ تَنَالُوا الْبِرَّ حَتَّى تُنْفِقُوا مِمَّا تُحِبُّونَ وَمَا تُنْفِقُوا مِنْ شَيْءٍ فَإِنَّ اللَّهَ بِهِ عَلِيمٌ

"നിങ്ങള്‍ ഇഷ്ടപ്പെടുന്നതില്‍ നിന്ന് നിങ്ങള്‍ ചിലവഴിക്കുന്നത് വരെ നിങ്ങള്‍ക്ക് പുണ്യം നേടാനാവില്ല. നിങ്ങള്‍ ഏതൊരു വസ്തു ചിലവഴിക്കുന്നതായാലും തീര്‍ച്ചയായും അല്ലാഹു അതിനെക്കുറിച്ച് അറിയുന്നവനാകുന്നു" [ആലു ഇംറാന്‍- 92].

മാത്രമല്ല ഇസ്ലാമിന്‍റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നായ സകാത്ത് അനുഷ്ടിക്കാതെ ഒരാളുടെ ഈമാന്‍ പൂര്‍ണമാകില്ലെന്ന് പറയേണ്ടതില്ലല്ലോ .

2- സമ്പത്തും അതിലുള്ള ബര്‍ക്കത്തും വര്‍ധിക്കാന്‍ സകാത്ത് കാരണമാകുന്നു.

അല്ലാഹു പറയുന്നു :

مَّثَلُ الَّذِينَ يُنفِقُونَ أَمْوَالَهُمْ فِي سَبِيلِ اللّهِ كَمَثَلِ حَبَّةٍ أَنبَتَتْ سَبْعَ سَنَابِلَ فِي كُلِّ سُنبُلَةٍ مِّئَةُ حَبَّةٍ وَاللّهُ يُضَاعِفُ لِمَن يَشَاء
وَاللّهُ وَاسِعٌ عَلِيمٌ

" അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ധനം ചിലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ധാന്യമണിയോടാകുന്നു. അത് ഏഴ് കതിരുകള്‍ ഉത്പാദിപ്പിച്ചു. ഓരോ കതിരിലും നൂറ് ധാന്യമണിയും. അല്ലാഹു താന്‍ ഉദേശിക്കുന്നവര്‍ക്ക് ഇരട്ടിയായി നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുള്ളവനും എല്ലാം അറിയുന്നവനുമാകുന്നു" -
[അല്‍ ബഖറ- 261] .

അതിനാലാണ് സാമ്പത്തികമായ ഞെരുക്കം അനുഭവിക്കുന്ന ആളുകള്‍ ചെറിയ തോതിലാണെങ്കിലും ദാനം നല്കട്ടെയെന്ന് പണ്ഡിതന്മാര്‍ രേഖപ്പെടുത്താന്‍ കാരണം. ദാനം നല്‍കുക വഴി അല്ലാഹു അവര്‍ക്ക് സമ്പത്ത് വര്‍ധിപ്പിച്ചു കൊടുക്കുകയും അവരുടെ പ്രയാസങ്ങള്‍ നീങ്ങുകയും ചെയ്യും. " അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇരട്ടിയായി നല്‍കുന്ന" എന്ന് അല്ലാഹു തന്നെ പറഞ്ഞിരിക്കെ സമ്പത്ത് വര്‍ധിപ്പിക്കാന്‍ ഇതിലും നല്ല മാര്‍ഗം വേറെ ഏതാണ്?!.

അതുപോലെ പ്രവാചകന്‍(സ) പറഞ്ഞു:
ما نقصت مال من صدقة
" ദാനധര്‍മ്മം കാരണത്താല്‍ ഒരു സമ്പത്തിലും കുറവ് വന്നിട്ടില്ല " -
[സ്വഹീഹ് മുസ്‌ലിം]. അഥവാ ദാനധര്‍മ്മം സമ്പത്ത് വര്‍ധിക്കാന്‍ കാരണമാകുന്നു. പ്രവാചകന്‍(സ)യുടെ മറ്റൊരു ഹദീസില്‍ ഇപ്രകാരം കാണാം:

ما من يوم يصبح العباد فيه إلا ملكان ينزلان فيقول أحدهما اللهم أعط منفقا خلفا ويقول الآخر اللهم أعط ممسكا تلفا

" രണ്ടുമലക്കുകള്‍ ഇറങ്ങുകയും അവര്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കുകയും ചെയ്തുകൊണ്ടല്ലാതെ ഏതൊരു ദിവസവും നേരം പുലരുന്നില്ല. അവരിലൊരാള്‍ പറയും : "അല്ലാഹുവേ സമ്പത്ത് ദാനം ചെയ്യുന്നവന് നീ അതിനേക്കാള്‍ നല്ലത് നല്‍കേണമേ", മറ്റൊരാള്‍ ഇപ്രകാരം പറയും: "അല്ലാഹുവേ സമ്പത്ത് പിടിച്ചുവെക്കുന്നവന് നീ നാശം വിതക്കേണമേ".
[ബുഖാരി, മുസ്‌ലിം ]

ദാനധര്‍മ്മങ്ങള്‍ സമ്പത്തില്‍ വര്‍ധനവാണ് ഉണ്ടാക്കുന്നത് എന്ന് പ്രമാണങ്ങളില്‍ നിന്നും കൃത്യമായി മനസ്സിലാക്കാം.
സാമ്പത്തികശാസ്ത്രമനുസരിച്ചും ദാനധര്‍മ്മവും സകാത്തും വര്‍ധനവാണ്. ഏതൊരു സമൂഹത്തിലും ദാരിദ്ര്യവും, തൊഴിലില്ലായ്മയും, പട്ടിണിയും വ്യാപിച്ചാല്‍ അവരുടെ സമ്പത് വ്യവസ്ഥയും അവരുടെ നാട്ടിലെ സുരക്ഷിതത്വവും എല്ലാം താറുമാറാകും. ഉല്പാദന ശേഷി കുറയും. ഉല്പാദന ശേഷി കുറയുക വഴി വിലക്കയറ്റം ഉണ്ടാകും. ദാരിദ്ര്യവും തൊഴിലില്ലായ്മയും വിലക്കയറ്റവും ഒരുമിച്ചു വന്നാല്‍ കുറ്റകൃത്യങ്ങള്‍ സ്വാഭാവികമായും വര്‍ധിക്കും. അത് ആ സമൂഹത്തില്‍ ജീവിക്കുന്ന ഓരോ വ്യക്തിയും പ്രതികൂലമായി ബാധിക്കും. ആ നിലക്ക് ആ സമൂഹത്തിന്‍റെ കെട്ടുറപ്പിന് ആ സമൂഹത്തില്‍ ജീവിച്ചുകൊണ്ടിരിക്കുന്ന ഓരോ ആളുകളുടെയും സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തേണ്ടതുണ്ട്. ഇതിന് സകാത്ത് ഒരു അത്ഭുതകരമായ പരിഹാരമാണ്.

പണക്കാരുടെ കയ്യില്‍ നിന്നും നിര്‍ണ്ണിതമായ ഒരു വിഹിതം പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട അവകാശികള്‍ക്ക് നല്‍കുക വഴി ആ സമൂഹത്തിന് ഉണര്‍വ്വും ഉന്മേഷവും ലഭിക്കുന്നു. അവരുടെ ഉല്പാദന ശേഷി വര്‍ധിക്കുന്നു. അതുമുഖേന തൊഴിലവസരങ്ങളും വിലക്കുറവും ഉണ്ടാകുന്നു. ആ സമൂഹം ഒന്നടങ്കം വളരുന്നു. കുറ്റകൃത്യങ്ങള്‍ കുറയുന്നു. സുരക്ഷിതത്വവും സമാധാനവും വര്‍ധിക്കുന്നു. സകാത്ത് നല്‍കുന്ന ആളുകള്‍ക്കും അതിന്‍റെ ഗുണം ലഭിക്കുന്നു. അവര്‍ക്ക് നിക്ഷേപാവസരങ്ങളും കച്ചവടാവസരങ്ങളും വര്‍ധിക്കുന്നു. എത്ര അത്ഭുതം. ഇതെല്ലാം തന്നെ 'സകാത്ത്' എന്ന പദത്തിന്റെ ഭാഷാര്‍ത്ഥവും അതിന്‍റെ നിര്‍വചനവുമായുള്ളബന്ധത്തെയാണ് സൂചിപ്പിക്കുന്നത്.

3 - സകാത്തടക്കമുള്ള ദാനധര്‍മ്മങ്ങള്‍ ഖിയാമത്ത് നാളിലെ കടുത്ത ചൂടില്‍ നിന്നും രക്ഷ ലഭിക്കാന്‍ കാരണമാകുന്നു. അര്‍ശിന്‍റെ തണലല്ലാത്ത മറ്റൊരു തണലുമില്ലാത്ത ദിവസത്തില്‍ തണല്‍ ലഭിക്കാന്‍ അതൊരു കാരണമാണ്.

അല്ലാഹുവിന്‍റെ പ്രവാചകന്‍ പറഞ്ഞു:
كل امرئ في ظل صدقته يوم القيامة
" അന്ത്യ നാളില്‍ ഓരോരുത്തരും തങ്ങള്‍ നല്‍കിയ ദാനധര്‍മ്മങ്ങളുടെ തണലിലായിരിക്കും" [
മുസ്നദ് അഹ്മദ്, സ്വഹീഹ് ഇബ്ന്‍ ഖുസൈമ ] .

4- സകാത്ത് നല്‍കുന്നവന്‍റെ സല്സ്വഭാവങ്ങള്‍ വര്‍ധിക്കാന്‍ അത് കാരണമായിത്തീരുന്നു.

പിശുക്ക് ഏതൊരു സമൂഹത്തിലും ഏറെ മോശപ്പെട്ട സ്വഭാവമാണ്. എന്നാല്‍ തന്‍റെ സഹജീവിയുടെ പ്രയാസങ്ങള്‍ അടുത്തറിയുന്നതും അവനൊരു കൈത്താങ്ങാകുന്നതും ഏറെ പ്രശംസനീയമാണുതാനും. സാമൂഹികജീവിയായ മനുഷ്യന്‍റെ സ്വഭാവ ഗുണങ്ങളില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന സ്വഭാവഗുണങ്ങളാണല്ലോ ദയ, കാരുണ്യം, എളിമ, വിനയം, ഔദാര്യം, സ്നേഹം, വിശാലമനസ്കത, ദുഃഖവും സന്തോഷവും പങ്കുവെക്കല്‍ തുടങ്ങിയവ. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സമ്പത്തില്‍ നിന്ന് നിശ്ചിതമായ ഒരു വിഹിതം തന്‍റെ കൂടെ ജീവിക്കുന്ന ആവശ്യക്കാരന്റെ അവകാശമാണ് എന്നും, അത് താനവന് നല്‍കുന്ന ഔദാര്യമല്ല, മറിച്ച് അവന് ലഭിക്കേണ്ട അവകാശമാണ് എന്ന ബോധത്തോടെയും പൂര്‍ണ്ണ മനസ്സോടെയും നല്‍കുക വഴി ഈ സ്വഭാവ ഗുണങ്ങളെല്ലാം ഒരാള്‍ക്ക് നേടിയെടുക്കാന്‍ സാധിക്കുന്നു. ആ നിലക്ക് സല്സ്വഭാവങ്ങള്‍ വര്‍ധിക്കാന്‍ സകാത്ത് ഒരു കാരണമായിത്തീരുന്നു. സബ്ഹാനല്ലാഹ് !

5- സകാത്ത് സ്വര്‍ഗ്ഗ പ്രവേശനത്തിന് കാരണമാകുന്നു.

حديث عبد الله بن سلام رضي الله عنه قال: سمعت رسول الله صلّى الله عليه وسلّم يقول: ياأيها الناس أفشوا السلام، وأطعموا الطعام، وصلوا الأرحام، وصلوا والناس نيام تدخلوا الجنة بسلام
അബ്ദുല്ലാഹിബ്നു സലാം (റ) ഉദ്ധരിക്കുന്നു: പ്രവാചകന്‍(സ) പറഞ്ഞു: " അല്ലയോ ജനങ്ങളേ, നിങ്ങള്‍ സലാം പറയുന്നത് വ്യാപകമാക്കുക, ആവശ്യക്കാരെ ഭക്ഷിപ്പിക്കുക, കുടുംബ ബന്ധം പുലര്‍ത്തുക, ജനങ്ങള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ എഴുന്നേറ്റ് നമസ്കരിക്കുകയും ചെയ്യുക. എങ്കില്‍ നിങ്ങള്‍ക്ക് നിഷ്പ്രയാസം സ്വര്‍ഗത്തില്‍ പ്രവേശിക്കാം "
[ മുസ്നദ് അഹ്മദ്]

6- അല്ലാഹുവിന്‍റെ കോപം അകറ്റാനും, അവന്‍റെ തൃപ്തി വര്‍ധിക്കാനും സകാത്ത് ഒരു കാരണമാണ്.

പ്രവാചകന്‍(സ) പറഞ്ഞു :
أن الصدقة تطفئ غضب الرب
" ദാനധര്‍മ്മം അല്ലാഹുവിന്‍റെ കോപം അണക്കുന്നു ".
[തിര്‍മിദി, ത്വബറാനി]

7- പാപങ്ങള്‍ പൊറുക്കപ്പെടാനും നന്മകള്‍ വര്‍ധിക്കാനും സകാത്ത് കാരണമാകുന്നു. പ്രവാചകന്‍(സ) പറഞ്ഞു:
الصدقة تطفئ الخطيئة كما يطفئ الماء النار
" വെള്ളം തീയണക്കുന്നത് പോലെ ദാനധര്‍മ്മങ്ങള്‍ പാപങ്ങളെയും അണക്കുന്നു "
[ മുസ്നദ് അഹ്മദ്, തിര്‍മിദി].

8- മഴ വര്‍ധിക്കാന്‍ സകാത്ത് കാരണമാകുന്നു.

പ്രവാചകന്‍(സ) പറഞ്ഞു:
ما منع قوم زكاة أموالهم إلا منعوا القطر من السماء
" തങ്ങളുടെ സമ്പത്തില്‍ നിന്നും നല്‍കേണ്ട സകാത്ത് ഏതെങ്കിലും സമൂഹം പിടിച്ചുവെക്കുന്ന പക്ഷം, ആകാശത്തുനിന്നും അവര്‍ക്ക് ലഭിക്കേണ്ട ജലവും പിടിച്ചു വെക്കപ്പെടുക തന്നെ ചെയ്യും"
[ ഇബ്ന്‍ മാജ 4019] .

9- സകാത്ത് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കുറക്കുകയും, സാമ്പത്തിക സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. പാവപ്പെട്ടവര്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കുള്ള പണം ലഭിക്കുക വഴി അവര്‍ കുറ്റകൃത്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നു. തങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട സമ്പത്തില്‍ നിന്നും കൃത്യമായി സകാത്ത് നല്‍കാന്‍ തയ്യാറാവുന്ന ആളുകള്‍ സ്വാഭാവികമായും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് മുതിരുകയുമില്ലല്ലോ. അതുപോലെ പണക്കാരും പാവപ്പെട്ടവരും തമ്മില്‍ ഉണ്ടാകാനിടയുള്ള അകല്‍ച്ചയും അത് വഴി ഉടലെടുക്കുന്നു സാമൂഹിക പ്രശ്നങ്ങളും സകാത്തിലൂടെ പരിഹരിക്കപ്പെടുന്നു. അല്ലാഹു എത്ര അനുഗ്രഹീതന്‍. സുബ്ഹാനല്ലാഹ് !.

10- വരാനിരിക്കുന്ന അപകടങ്ങളില്‍ നിന്നും പരീക്ഷണങ്ങളില്‍ നിന്നും സകാത്ത് സുരക്ഷ നല്‍കുന്നു.

പ്രവാചകന്‍(സ) പറഞ്ഞു:
باكروا بالصدقة، فإن البلاء لا يتخطاها
" നിങ്ങള്‍ ദാനധര്‍മ്മങ്ങള്‍ നല്‍കാന്‍ ധൃതി കാണിക്കുക. പരീക്ഷണങ്ങള്‍ക്ക് അവയെ മറികടക്കാന്‍ സാധിക്കുകയില്ല "
[ ത്വബറാനി 5643 ].

11- മതബോധം വര്‍ധിക്കാനും, അല്ലാഹുവിന്‍റെ നിയമങ്ങളെക്കുറിച്ച് കൂടുതല്‍ പഠിച്ച് മനസ്സിലാക്കാനും സകാത്ത് കാരണമാകുന്നു.

സകാത്ത് നല്‍കണമെങ്കില്‍ അതിന്‍റെ നിയമങ്ങള്‍ മനസ്സിലാക്കണം. അതുകൊണ്ട്തന്നെ സകാത്ത് നല്‍കുന്നവര്‍ അതുമായി ബന്ധപ്പെട്ടുള്ള അധ്യാപനങ്ങള്‍ മനസ്സിലാക്കാനും അവ പാലിക്കാനും തയ്യാറായി മുന്നോട്ട് വരുന്നു. ഇത് അവരെ സ്വര്‍ഗത്തിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നു.

പ്രവാചകന്‍(സ) പറഞ്ഞു:
من سلك طريقا يلتمس فيه علما سهل الله له طريقا إلى الجنة
" അറിവ് ലഭിക്കാനിടയാക്കുന്ന വഴിയില്‍ ആരെങ്കിലും സഞ്ചരിച്ചാല്‍, അല്ലാഹു അവന് സ്വര്‍ഗത്തിലേക്കുള്ള വഴിയും എളുപ്പമാക്കികൊടുക്കും "
[ സ്വഹീഹ് മുസ്‌ലിം ].

ഈ നിലക്കെല്ലാം സകാത്ത് വര്‍ധനവാണ്. ഇനിയും എത്രയോ കാര്യങ്ങള്‍ പണ്ഡിതന്മാര്‍ സകാത്ത് മൂലം ഉണ്ടാകുന്ന വര്‍ധനവിന്റെ കൂട്ടത്തില്‍ രേഖപെടുത്തിയിട്ടുണ്ട്‌. പക്ഷെ ഈ ഉപകാരങ്ങളെല്ലാം ലഭിക്കണമെങ്കില്‍ സകാത്ത് നല്‍കുന്നവന്റെ മനസ്സും ഉദേശ്യവും നന്നാകണം.

ഇബ്നുല്‍ ഖയ്യിം (റ) പറയുന്നു :
أن البذل والكرم من أسباب انشراح الصدر، لكن لا يستفيد منه إلا الذي يعطي بسخاء وطيب نفس، ويخرج المال من قلبه قبل أن يخرجه من يده، أما من أخرج المال من يده، لكنه في قرارة قلبه، فلن ينتفع بهذا البذل
" ദാനധര്‍മ്മവും ഔദാര്യവും ഹൃദയവിശാലത നല്‍കുന്നു. പക്ഷെ മനസ്സറിഞ്ഞുകൊണ്ട് അര്‍പ്പണ ബോധത്തോടെ ദാനം നല്‍കുന്ന ഒരാള്‍ക്കേ അത് ലഭിക്കുകയുള്ളൂ. അഥവാ തന്‍റെ കയ്യില്‍ നിന്നും പണംനല്‍കുന്നതിനു മുന്പായി മനസ്സുകൊണ്ട് നല്‍കിയിരിക്കണം. എന്നാല്‍ തന്‍റെ കൈകൊണ്ടു ദാനം നല്‍കിയിട്ടും മനസ്സില്‍ ആ പണം അപ്പോഴും കുടിയിരിക്കുകയാണെങ്കില്‍ അവന്‍റെ ദാനം അവനൊരിക്കലും ഉപകാരപ്പെടുന്നില്ല" -
[ സാദുല്‍ മആദ് ].

അതുകൊണ്ട് കൈകൊണ്ട് നല്‍കുന്നതിനു മുന്പ് മനസ്സുകൊണ്ട് നല്‍കാന്‍ നാമോരോരുത്തരും തയ്യാറാവുക . അല്ലാഹു അനുഗ്രഹിക്കട്ടെ .

സകാത്ത് -(പാർട്ട് 2)‌

മ്പളത്തിന്‍റെ സകാത്തും, സകാത്ത് കണക്കു കൂട്ടുന്ന എളുപ്പ രീതിയും:
•••••••••••••••••••••••••••••••••••••••••

ഇബ്നു ഉസൈമീന്‍ (رحمه الله) പറയുന്നു: “ഒരാള്‍ക്ക് കിട്ടുന്ന ശമ്പളം ഒന്നും അവശേഷിക്കാത്ത രൂപത്തില്‍ ചിലവാകുകയാണെങ്കില്‍. അയാള്‍ക്ക് സകാത്ത് ബാധകമല്ല. കാരണം സകാത്ത് നിര്‍ബന്ധമാകാനുള്ള നിബന്ധനകളില്‍ ഒന്നാണ് ഹൗല്‍ തികയല്‍. 
  
എന്നാല്‍ അയാള്‍ ശമ്പളം സ്വരൂപിച്ചുവെക്കുന്ന ആളാണ്‌ എങ്കില്‍, ഉദാ: പകുതി ചിലവാക്കുകയും, പകുതി സൂക്ഷിക്കുകയുമാണ് ചെയ്യുന്നതെങ്കില്‍ അതിന്‍റെ നിസ്വാബും ഹൗലും തികയുമ്പോള്‍ സകാത്ത് കൊടുക്കണം. പക്ഷെ (നിസ്വാബ് തികഞ്ഞതിനു ശേഷം) തന്‍റെ കൈവശം വരുന്ന ഓരോ ശമ്പളത്തിന്‍റെയും ഹൗല്‍ പ്രത്യേകം പ്രത്യേകം പരിഗണിച്ച് സകാത്ത് നല്‍കുക എന്നത് അപ്രായോഗികവും പ്രയാസകരവുമാണ്. ഇതൊഴിവാക്കാന്‍ തന്‍റെ കൈവശമുള്ള മുഴുവന്‍ ധനത്തിന്‍റെയും സകാത്ത് നല്‍കുവാന്‍ ഏതെങ്കിലും ഒരു മാസം, (അതായത് മുഴുവന്‍ ധനത്തിന്‍റെയും  ഹൗല്‍, തന്‍റെ കയ്യിലുള്ള ധനത്തില്‍ ആദ്യം ഹൗല്‍ തികയുന്നത് എന്നാണോ അതേ തിയ്യതിയായി നിശ്ചയിച്ചാല്‍ മതി). ഉദാ: തന്‍റെ കയ്യില്‍ ആദ്യമായി ഹൗല്‍ തികയുന്നത് മുഹറം മാസത്തിലാണ് എന്ന് കരുതുക. അവന്‍റെ ആദ്യ ശമ്പളത്തിന്‍റെ ഹൗല്‍ തികയുന്നത് എന്നാണോ അതേ അവസരത്തില്‍ തന്നെ മറ്റു മാസങ്ങളില്‍ സ്വരൂപിച്ചുവച്ച ശമ്പളവും ചേര്‍ത്ത് കണക്കു കൂട്ടി സകാത്ത് നല്‍കുക. ഇപ്രകാരം ചെയ്യുക വഴി (ഹൗല്‍ തികഞ്ഞവയുടെ സകാത്ത്) കൃത്യ സമയത്ത് തന്നെ നല്‍കുവാനും, ഹൗല്‍ എത്തിയിട്ടില്ലാത്തവയുടെ സകാത്ത് സമയമെത്തുന്നതിനു മുന്പായിത്തന്നെ നല്‍കുവാനും സാധിക്കുന്നു. സമയമെത്തുന്നതിന് മുന്‍പായി സകാത്ത് നല്‍കല്‍ അനുവദനീയമാണ് എന്നത് പ്രമാണങ്ങളിലൂടെ സ്ഥിരപ്പെട്ടതാണ്താനും”. – [مجموع فتاوى و رسائل الشيخ محمد صالح العثيمين المجلد التاسع عشر - كتاب زكاة النقدين ].

Note: നാണയങ്ങളുമായി(സ്വര്‍ണ്ണം, വെള്ളി, കറന്‍സി) ബന്ധപ്പെട്ട സകാത്ത് കണക്കു കൂട്ടുവാനുള്ള ഏറ്റവും എളുപ്പമുള്ള രീതി ശൈഖ് ഇബ്നു ഉസൈമീന്‍(رحمه الله)ഈ ഫത്’വയിലൂടെ പഠിപ്പിക്കുന്നുണ്ട്. വാടക, മറ്റു സമ്പാദ്യങ്ങൾ, കൈവശമുള്ള മറ്റു ധനം ഇങ്ങനെ തുടങ്ങി നാണയ ഇനത്തിൽ പെടുന്ന എല്ലാ സമ്പാദ്യങ്ങളുടെയും സകാത്ത് തന്റെ കൈവശമുള്ള നിസ്വാബിന്റെ ഹൗലിലേക്ക് തന്നെ ചേർത്ത് ഒരുമിച്ച് കണക്കു കൂട്ടിയാൽ മതി. മാത്രമല്ല ഹൗൽ തികയുന്ന സമയത്ത് കൈവശമുള്ളവ മാത്രം പരിഗണിച്ചാൽ മതി. കൂടെ കിട്ടുമെന്നുറപ്പുള്ള കടങ്ങളും കൂട്ടുക. കിട്ടുവാനുള്ളതും കിട്ടുമെന്ന് ഉറപ്പുള്ളതുമായ എല്ലാ കടങ്ങളും കൂട്ടുകയാണ്  സൂക്ഷ്മത. കാരണം അപ്രകാരം കണക്കു കൂട്ടൽ നിർബന്ധമാണ്‌ എന്നതാണ് ശൈഖ് ഇബ്നു ഉസൈമീൻ (റ) യെപ്പോലുള്ള പണ്ഡിതന്മാരുടെ അഭിപ്രായം. ഒരുപാട് കാലം കഴിഞ്ഞു തിരിച്ചു കിട്ടാനുള്ള പണം കണക്കു കൂട്ടുമ്പോൾ ഉൾപ്പെടുത്താതിരിക്കുകയുമാവാം. ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ (റ) പോലുള്ളവരുടെ അഭിപ്രായത്തിൽ തിരിച്ചുകിട്ടാൻ സമയമെത്തിയ കടങ്ങൾ മാത്രം കണക്കിൽ ഉൾപ്പെടുത്തിയാൽ മതി.  അതുപോലെ കണക്കു കൂട്ടുമ്പോൾ കൈവശമുള്ള കച്ചവട വസ്തുക്കളുടെ മാർക്കറ്റ് വിലയും കണക്കിൽ ഉൾപ്പെടുത്തണം. ഇനി അതിൽ നിന്നും കുറക്കാവുന്നത് കടം വീട്ടുവാൻ വേണ്ടി നീക്കിവെക്കുന്ന പണമാണ്. അത് ആ സന്ദർഭത്തിൽ തന്നെ തിരിച്ചുകൊടുക്കാൻ ഉദ്ദേശിക്കുന്നതാണ് എങ്കിൽ മാത്രമേ കുറക്കാൻ പാടുള്ളൂ എന്ന് ഇബ്നു ഉസൈമീൻ (റ) പ്രത്യേകം  പ്രതിപാദിക്കുന്നുണ്ട്. 

നാണയങ്ങളുമായി(സ്വര്‍ണ്ണം, വെള്ളി, കറന്‍സി) ബന്ധപ്പെട്ട സകാത്ത് കണക്കു കൂട്ടുവാനുള്ള ഏറ്റവും എളുപ്പമുള്ള രീതി:
…………………………………………

കണക്കു കൂട്ടേണ്ട രീതി: ഒരാളുടെ കയ്യില്‍ നിസ്വാബ് വന്നെത്തുന്നത് ഏത് ദിവസത്തിലാണോ ആ തിയ്യതിയെ തന്‍റെ സകാത്ത് കണക്കുകൂട്ടുവാനുള്ള തിയ്യതിയായി നിശ്ചയിക്കുക. അഥവാ സ്വഫര്‍ ഒന്നിനാണ് അയാളുടെ കയ്യില്‍ നിസ്വാബ് തികഞ്ഞതെങ്കില്‍ അടുത്ത സ്വഫര്‍ ഒന്നാണ് അയാള്‍ സകാത്ത് കണക്കുകൂട്ടേണ്ട തിയ്യതി. ഒരു ഹിജ്റ വര്‍ഷം തികയുന്നതിനു മുന്‍പായി തന്‍റെ കൈവശമുല്ല പണം നിസ്വാബിനെക്കാള്‍ കുറഞ്ഞാല്‍, വീണ്ടും എന്നാണോ നിസ്വാബ് തികയുന്നത് അതായിരിക്കും തന്‍റെ കണക്കുകൂട്ടല്‍ തിയ്യതി. നിസ്വാബില്‍ നിന്നും കുറവ് വരാതെ ഒരു ഹിജ്റ വര്‍ഷം പൂര്‍ത്തിയാകുന്നവനേ സകാത്ത് ബാധകമാകൂ. നിസ്വാബ് കൈവശം ഉള്ളവന്‍ അതിനെ ഒരു ബാക്കറ്റായി പരിഗണിക്കുക. തനിക്ക് കിട്ടുന്ന ശമ്പളം, വാടക, ലാഭവിഹിതം, തന്‍റെ കൈവശമുള്ള കച്ചവടവസ്തുക്കളുടെ മാര്‍ക്കറ്റ് വില, മറ്റുള്ളവരില്‍ നിന്നും തിരിച്ചുകിട്ടാന്‍ സമയമായ കിട്ടുമെന്ന് ഉറപ്പുള്ള കടം, തന്‍റെ കൈവശമുള്ള പണം, ബാങ്കിലോ മറ്റൊ സ്വരൂപിച്ചുവച്ച പണം ഇതെല്ലാം ആ ബക്കറ്റിലാണ് എന്ന് സങ്കല്‍പ്പിക്കുക. സ്വാഭാവികമായും തന്‍റെ വരവുകള്‍ ആ ബക്കറ്റില്‍ വീഴുന്നതോടൊപ്പം തന്‍റെ ചിലവുകള്‍ ആ ബക്കറ്റില്‍ നിന്നും പുറത്ത്പോയിക്കൊണ്ടേയിരിക്കും. തന്‍റെ സകാത്ത് കണക്കുകൂട്ടേണ്ട തിയ്യതിയെത്തിയാല്‍, അതായത് മുകളില്‍ പറഞ്ഞ ഉദാഹരണപ്രകാരം സ്വഫര്‍ ഒന്ന് എത്തിയാല്‍, ആ ബക്കറ്റില്‍ ആകെ എത്ര പണം ഉണ്ട് എന്ന് നോക്കുക. അതിന്‍റെ 2.5% സകാത്തായി നല്‍കുക. 2.5% ലഭിക്കാന്‍ മൊത്തം പണത്തെ 40 കൊണ്ട് ഹരിച്ചാല്‍ മതി. ഇതാണ് ഏറ്റവും എളുപ്പമുള്ള രീതി.

എന്നാൽ ഇപ്രകാരം കണക്കു കൂട്ടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

 1 - ഹൗല്‍ തികയുന്ന സമയത്ത് ബക്കറ്റിലുള്ളതെന്തോ അതു മാത്രം പരിഗണിച്ചാല്‍ മതി.

 2 - നിസ്വാബ് തികഞ്ഞവന്‍റെ കയ്യിലേ ബക്കറ്റ് ഉണ്ടാവൂ.

 3 - നിസ്വാബ് തികയുന്ന തിയ്യതിയാണ് ഒരു ഹിജ്റ വര്‍ഷം തികഞ്ഞതിനുശേഷം സകാത്ത് കണക്കുകൂട്ടുവാനുള്ള തിയ്യതിയായി പരിഗണിക്കുക. നിസ്വാബ് തികഞ്ഞ സമയം കുറിച്ച് വെക്കാത്തവര്‍ക്ക് ഏകദേശം ഒരു തിയ്യതി കണ്ടെത്തുകയോ, ഒരിക്കല്‍ സകാത്ത് നല്‍കിയവരാണെങ്കില്‍ അതേ തിയ്യതി തന്നെ പരിഗണിക്കുകയോ ചെയ്യാവുന്നതാണ്. 

 4 - തന്‍റെ കയ്യില്‍ 85ഗ്രാമോ അതില്‍ കൂടുതലോ സ്വര്‍ണ്ണമുണ്ടെങ്കില്‍ അതിന്‍റെ മൂല്യവും, 595 ഗ്രാമോ അതില്‍ കൂടുതലോ വെള്ളിയുണ്ടെങ്കില്‍ അതിന്‍റെ  മൂല്യവും ബക്കറ്റിലുള്ള പണത്തോടൊപ്പം കണക്കു കൂട്ടാം, അതല്ലെങ്കില്‍ പ്രത്യേകം പ്രത്യേകമായി കണക്കു കൂട്ടുകയും ചെയ്യാം. ശൈഖ് ഇബ്നു ബാസിന്റെയും  ലിജ്നതുദ്ദാഇമയുടെയും അഭിപ്രായപ്രകാരം  ഒരാളുടെ കൈവശമുള്ള കറൻസിയും, കച്ചവട വസ്തുക്കളുണ്ടെങ്കിൽ അതും, കൈവശമുള്ള സ്വർണ്ണവും പരസ്പരം കൂട്ടിയാൽ 85 ഗ്രാം സ്വർണ്ണത്തിനു തുല്യമായ മൂല്യം തികയുമെങ്കിൽ, സ്വർണ്ണം ഒറ്റക്ക് 85 ഗ്രാം തികയില്ലെങ്കിൽ പോലും അത് സകാത്ത് കണക്കു കൂട്ടുമ്പോൾ ഉൾപ്പെടുത്തണം.

സകാത്ത്  ( Part-3 )

കച്ചവട വസ്തുക്കളുടെ സകാത്ത് :
•••••••••••••••••••••••••••••••••••
 
വസ്തുക്കളെ രണ്ടായി തരം തിരിക്കാം:

1 ഉപയോഗ വസ്തുക്കള്‍: 

തന്‍റെ ഉടമസ്ഥതയില്‍ത്തന്നെ നിലനില്‍ക്കുന്നതും തന്‍റെ ആവശ്യങ്ങള്‍ക്കുള്ളതുമായ വസ്തുക്കള്‍. സകാത്ത് ബാധകമല്ല. 

തെളിവ്:
പ്രവാചകന്‍ (ﷺ) പറഞ്ഞു: “ഒരു മുസ്ലിമിന് അവന്‍റെ അടിമയിലോ, കുതിരയിലോ സകാത്ത് നല്‍കേണ്ടതില്ല”. – [ബുഖാരി].

ഉപയോഗ വസ്തുക്കള്‍ക്ക് സകാത്ത് ബാധകമല്ല എന്ന് ഈ ഹദീസില്‍ നിന്നും മനസ്സിലാക്കാം. 

2 കച്ചവട വസ്തുക്കള്‍: 

തന്‍റെ ഉടമസ്ഥതയിലുള്ള വിൽപന ഉദ്ദേശിക്കുന്ന വസ്തുക്കൾ. അവക്ക് സകാത്ത് ബാധകമാണ്.

തെളിവ്: മുആദ്(റ) വിനോട് പ്രവാചകന്‍(ﷺ) പറഞ്ഞു: “അവരുടെ സമ്പത്തില്‍ അല്ലാഹു ഒരു ദാനധര്‍മ്മത്തെ നിര്‍ബന്ധമാക്കിയിരിക്കുന്നു എന്ന് നീ അവരെ അറിയിക്കുക”- [ബുഖാരി].

കച്ചവടവസ്തുവും ഒരു ധനമാണ്. ഹദീസില്‍ പ്രതിപാദിക്കപ്പെട്ട ധനത്തില്‍ നിന്നും അവ ഒഴിവാണ് എന്നതിന് തെളിവില്ല. 

1- കച്ചവട വസ്തുവിന്‍റെ സകാത്ത് കണക്കു കൂട്ടുന്ന രീതി: 
---------------------------------

ഹൗല്‍ തികയുമ്പോള്‍ കച്ചവടവസ്തുവിന്‍റെ മാര്‍ക്കറ്റ് വില എത്രയാണോ അത്കണക്കാക്കി അതിന്‍റെ 2.5% സകാത്തായിനല്‍കണം. 

- കച്ചവട വസ്തുവിന്‍റെ മാര്‍ക്കറ്റ് വില നിസ്വാബിന്‍റെയും ഹൗലിന്‍റെയുംവിഷയത്തില്‍ തന്‍റെ കൈവശമുള്ള കറന്‍സിയെപ്പോലെ പരിഗണിക്കപ്പെടും. അഥവാ കച്ചവടവസ്തുവിന്റെ മാർക്കറ്റ്‌ വില കണക്കാക്കി ആ വില തന്റെ കൈവശമുള്ള കറൻസിയിലേക്ക് കൂട്ടി ഒരുമിച്ച് സകാത്ത് നൽകിയാൽ മതി. രണ്ടും ധനവും ഒരുപോലെയാണ്.  

-  കച്ചവടവസ്തു വാങ്ങിക്കുമ്പോഴുള്ള വിലയല്ല, മറിച്ച് കൂടിയാലും കുറഞ്ഞാലും ഹൗല്‍ തികയുന്ന സന്ദര്‍ഭത്തില്‍ അതിനുള്ള മാര്‍ക്കറ്റ് വിലയാണ് സകാത്ത് കണക്കുകൂട്ടാന്‍ പരിഗണിക്കേണ്ടത്. 

- ഒരു വസ്തു വിൽപനക്കുള്ളതാണ് എന്ന് ഒരാള്‍ എപ്പോള്‍ തീരുമാനമെടുക്കുന്നുവോ ആ നിമിഷം മുതല്‍ അത് കച്ചവട വസ്തുവാണ്. തിരിച്ച് വില്‍ക്കുന്നില്ല എന്ന തീരുമാനമെടുക്കുന്നത് വരെ. ഇതോടൊപ്പം മനസ്സിലാക്കേണ്ട ഒരു കാര്യം സകാത്തില്‍നിന്നും രക്ഷപ്പെടാന്‍ സാങ്കേതികമായ പദം മാറ്റങ്ങള്‍ കൊണ്ട് കഴിയില്ല. അല്ലാഹുകണ്ണിന്‍റെ കട്ടുനോട്ടവും, ഹൃദയങ്ങളില്‍ ഒളിച്ചുവെക്കുന്നതും അറിയുന്നവനാണ്.

2- കച്ചവടവസ്തുവിന്‍റെ സകാത്തായി  കച്ചവടവസ്തുക്കള്‍ തന്നെ നല്‍കാമോ അതല്ല പണം തന്നെ നല്‍കണോ ?.
---------------------------------

ഉ: ഇബ്നു ഉസൈമീന്‍ (റ) യുടെ അഭിപ്രായപ്രകാരം കച്ചവടവസ്തുവിന്‍റെ സകാത്തായി പണം മാത്രമേ നല്‍കാവൂ. മാലിക്കീ, ശാഫിഈ, ഹമ്പലീ മദ്ഹബുകളിലെ പ്രബലമായ അഭിപ്രായം ഇതാണ്. എന്നാല്‍ ആവശ്യമായി വരികയോ, അവകാശികള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമായി വരികയോ ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ കച്ചവട വസ്തുക്കളുടെ സകാത്തായി കച്ചവട വസ്തുക്കള്‍ തന്നെ നല്‍കുന്നത് അനുവദനീയമാണ് എന്നതാണ് ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയയും ശൈഖ് ഇബ്നു ബാസുമെല്ലാം അഭിപ്രായപ്പെടുന്നത്.

രണ്ടാമത്തെ അഭിപ്രായമാണ് കൂടുതല്‍ പ്രായോഗികവും ശരിയുമായി തോന്നുന്നത്. ചിലപ്പോഴെല്ലാം കച്ചവടക്കാരുടെ കയ്യില്‍ സകാത്തായി പണം നല്കാനില്ലാതെ വരികയും, അവരുടെ കയ്യിലുള്ള കച്ചവട വസ്തുക്കള്‍ തന്നെ സകാത്തിന്‍റെ അവകാശികള്‍ക്ക് ആവശ്യമായി വരികയും ചെയ്യുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാകാറുണ്ട്. ഇവിടെ അത് രണ്ടുകൂട്ടര്‍ക്കും ഉപകാരപ്രദമാണ്. എന്നാല്‍ കച്ചവടക്കാര്‍ തങ്ങളുടെ കൈവശം ചിലവാകാതെ കിടക്കുന്ന മോശം വസ്തുക്കളെല്ലാംസകാത്തിന്‍റെ ഗണത്തില്‍പ്പെടുത്തി സകാത്തിന്‍റെ അവകാശികളുടെ മേല്‍അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നത് സകാത്തിന്‍റെ ഉദ്ദേശ്യവുമായിപൊരുത്തപ്പെടുന്നില്ല എന്നുതന്നെ മനസ്സിലാക്കാം. അല്ലാഹുവാകുന്നു ഏറ്റവുംഅറിയുന്നവന്‍.

3- കച്ചവടാവശ്യത്തിന് വേണ്ടി വാങ്ങിച്ച സ്ഥലത്തിനും സകാത്ത് ബാധകമാണ്: 
---------------------------------

ലജ്നതുദ്ദാഇമയുടെ ഫത്'വ:

ചോദ്യം: തൻറെ കല്യാണമാകുമ്പോഴേക്കും പണം സൂക്ഷിക്കുകയും, പിന്നീട് വിൽക്കുകയും ചെയ്യാം എന്ന ഉദ്ദേശ്യത്തോടെ വാങ്ങിച്ച സ്ഥലത്തിന് സകാത്ത് നിർബന്ധമാണോ ?.. 

ഉത്തരം: കല്യാണം ഉറപ്പിച്ചാൽ വിൽക്കാം എന്ന ഉദ്ദേശ്യത്തോടെ നീ വാങ്ങിച്ച ഈ ഭൂമി കച്ചവട വസ്തുവാണ്. എപ്പോഴാണോ കല്യാണക്കാര്യങ്ങൾ ശരിയാകുന്നത് അപ്പോൾ വിൽക്കുമെന്ന് നീ തീരുമാനിച്ചതിനാലാണത്, അതിനാൽ തന്നെ നീയത് വാങ്ങിക്കുകയും വിൽക്കാൻ തീരുമാനിക്കുകയും ചെയ്തത് പ്രകാരം അതിന്റെ ഹൗൽ എപ്പോൾ തികയുന്നുവോ, ആ സമയത്തെ മാർക്കറ്റ് വില കണക്കാക്കി അതിന്റെ 2.5% സകാത്തായി നൽകണം. ഓരോ തവണ ഹൗൽ തികയുമ്പോഴും, ആ കച്ചവട വസ്തു വിൽക്കപ്പെട്ടിട്ടില്ലെങ്കിൽ ഹൗൽ തികയുന്ന സന്ദർഭത്തിലെ അതിന്റെ വില കണക്കാക്കി അതിന്റെ 2.5%സകാത്തായി നൽകണം. ഹൗൽ തികയുന്ന സന്ദർഭത്തിൽ അതിന്റെ വില വാങ്ങിച്ച വിലയേക്കാൾ കൂടുതലോ, കുറവോ ആയിരുന്നാലും ശരി ഹൗൽ തികയുന്ന സന്ദർഭത്തിലെ വിലയാണ് പരിഗണിക്കപ്പെടുക. ആളുകൾക്കിടയിൽ പ്രചാരത്തിലുള്ള ഏതൊരു നാണയത്തിന്റെ അടിസ്ഥാനത്തിലാണോ  അതിന്റെ വില കണക്കാക്കിയത്, ആ നാണയമോ,സ്വർണ്ണമോ, വെള്ളിയോ അതിന്റെ സകാത്തായി നൽകാം.... അപ്രകാരം ചെയ്യുന്നതാണ് അതിന്റെ വില നിർണ്ണയിക്കുന്നതിൽ കൃത്യതയും സൂക്ഷ്മതയും പുലർത്തുവാനും, തന്റെ ബാധ്യത നിറവേറ്റുവാനും ഏറ്റവും ഉചിതം" 

[ഫതാവ ലിജ്നതുദ്ദാഇമ : അബ്ദുൽ അസീസ്‌ ഇബ്നു ബാസ് (റ) , അബ്ദുൽ അസീസ്‌ ആലു ശൈഖ്(ഹ), സ്വാലിഹ് അൽ ഫൗസാൻ (ഹ) , ബകർ അബൂ സൈദ്‌ (റ)].

ഇബ്നു ഉസൈമീൻ(റഹി) യോട് ചോദിക്കപ്പെട്ടു: 
ചോദ്യം: ഞാൻ ഈജിപ്തിൽ ഒരു ഭൂമി വാങ്ങിച്ചു. അതിന് സകാത്തുണ്ടോ ?.ഉണ്ടെങ്കിൽ ഇപ്രകാരമാണ് അതിന്റെ നിസ്വാബ് ഞാൻ കണക്കാക്കേണ്ടത് ? 
ഉത്തരം :  ഒരാൾ ഒരു ഭൂമി വാങ്ങിച്ചു. അത് ഈജിപ്തിലോ, സൗദിയിലോ, ഇറാഖിലോ,ശാമിലോ, ഇനി ഭൂമിയുടെ ഇത് ഭാഗത്തോ ആവട്ടെ, അത് അയാള് കച്ചവടം ചെയ്യാൻ ഉദ്ദേശിക്കുന്നില്ല, മറിച്ച് അതിൽ ഒരു വീട് വെക്കാനോ, ഒരു വാടകക്കെട്ടിടം പണിയാനോ, അതല്ലെങ്കിൽ തന്റെ പണം ഒരു സമ്പത്തായി സംരക്ഷിച്ചു വെക്കാനോ ആണ് വാങ്ങിച്ചതെങ്കിൽ അതിൽ സകാത്ത് ബാധകമല്ല. കാരണം ഭൂമി എന്ന ഗണത്തിന് അതൊരു കച്ചവടവസ്തുവായാലല്ലാതെ സകാത്ത് ബാധകമാകുന്നില്ല. അഥവാ ഒരാൾ തന്റെ മൂലധനമായി കണക്കാക്കുന്ന, വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന വസ്തുവാണെങ്കിലാണ് ഭൂമിക്ക് സകാത്ത് ബാധകമാകുന്നത്. ഇതിൽ ആദ്യം പറഞ്ഞതാണ് ഈ ഭൂമി വാങ്ങിച്ചതിലൂടെ നീ ഉദ്ദേശിക്കുന്നതെങ്കിൽ അതിന് സകാത്ത് ബാധകമല്ല. എന്നാൽ റിയൽ എസ്റ്റേറ്റുകാർ തങ്ങളുടെ ഭൂമി ചെയ്യാറുള്ളതുപോലെ വില്പനയാണ് നിന്റെ ഉദ്ദേശ്യമെങ്കിൽ (അത് പിന്നീടാണെങ്കിൽ പോലും) അതിൽ നിനക്ക് സകാത്ത് നിർബന്ധമാണ്‌.  ഓരോ ഹൗൽ പൂർത്തിയാകുമ്പോഴും അതിന്റെ ആ സമയത്തെ വിലയെത്രയാണ് എന്ന് കണക്കാക്കി അതിന്റെ 2.5% സകാത്തായി നൽകണം. 

[ ഫതാവ നൂറുൻ അലദ്ദർബ് - ഇബ്നു ഉസൈമീൻ ].

4- കെട്ടിക്കിടക്കുന്ന കച്ചവട വസ്തുക്കളുടെ സകാത്ത്: 
---------------------------------

ചോദ്യം: നല്ലവിലയുള്ള സമയത്ത് ഒരാള്‍ കുറച്ച് ഭൂമി വാങ്ങി. പക്ഷെ പിന്നീട് മാര്‍ക്കറ്റ് ഇടിഞ്ഞു. കുറഞ്ഞവിലക്കായാലും കൂടിയവിളക്കായാലും ആരും വാങ്ങാനില്ലാത്ത അവസ്ഥ. ഇപ്രകാരം കച്ചവടവസ്തുക്കള്‍ കെട്ടിക്കിടക്കുന്ന അവസരത്തിലും സകാത്ത് നല്‍കേണ്ടതുണ്ടോ ?. 

ഇബ്നു ഉസൈമീന്‍ (رحمه الله) നല്‍കുന്ന മറുപടി: “ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത് ഇത്തരം സന്ദര്‍ഭങ്ങളില്‍ ആ കച്ചവടവസ്തുവിന് സകാത്ത് ബാധകമല്ല എന്നതാണ്. കാരണം തിരിച്ചടക്കാന്‍ സാധിക്കാത്തവന്‍റെ കയ്യില്‍ നിന്നും കിട്ടാനുള്ള കടത്തെപ്പോലെയാണിത്‌. (അവന്‍റെ പണം തിരിച്ചുകിട്ടുമോ എന്ന് തന്നെ ഉറപ്പില്ലാതിരിക്കുമ്പോള്‍ അവന്‍ അതിന്‍റെ സകാത്ത് കൂടി നല്‍കണം എന്ന് പറയുന്നത് ഉചിതമല്ലല്ലോ). അഥവാ അതയാള്‍ക്ക് വില്‍ക്കാന്‍ പറ്റിയാല്‍ ആ വിട്ട വര്‍ഷത്തെ സകാത്ത് മാത്രം അയാള്‍ നല്കിക്കൊള്ളട്ടെ. ഈ അഭിപ്രായം ശറഇന്‍റെ നിയമങ്ങളോട് യോജിക്കുന്നതും ആളുകള്‍ക്ക് അല്പം ആശ്വാസം നല്‍കുന്നതുമാണ്”.
അതോടൊപ്പം അദ്ദേഹം പറഞ്ഞു: "വാങ്ങിക്കാൻ ആളെക്കിട്ടാതെ വരികയും മുടങ്ങിക്കിടക്കുകയും ചെയ്യുന്ന സ്വത്തിന്റെ വിഷയത്തിൽ അത് വിൽക്കപ്പെടുന്നതെപ്പോഴാണോ ആ വർഷത്തെ മാത്രം സകാത്ത് നൽകിയാൽ മതി എന്ന് പറയാമെങ്കിലും അത് വിറ്റുകഴിഞ്ഞാൽ, കഴിഞ്ഞ വർഷങ്ങളുടെയെല്ലാം സകാത്ത് കണക്കു കൂട്ടി നൽകുന്നതാണ് സൂക്ഷ്മത. കാരണം കടവും ഇതും തമ്മിലുള്ള വ്യത്യാസം ഇത് അവന്റെ തന്നെ കൈവശമാണ്. എന്നാൽ കടം നിവൃത്തികേടുകൊണ്ട് തിരിച്ചടക്കാൻ സാധിക്കാത്ത ദരിദ്രന്റെ മേൽ ബാധ്യതയായാണ് നിലകൊള്ളുന്നത് ". – 

[ مجموع فتاوى ورسائل ابن عثيمين رحمه الله Vo:18,كتاب عروض التجارة ].
------------------------------

-കെട്ടിക്കിടക്കുന്ന കച്ചവട വസ്തുക്കളുടെ സകാത്ത്.

ഏതായാലും കെട്ടിക്കിടക്കുന്ന കച്ചവട വസ്തുക്കളുടെ വിഷയത്തിൽ ആധുനിക കാലഘട്ടത്തിൽ ജീവിച്ച പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ ഭിന്നതയുണ്ട്. ഈ വിഷയം വിശദമായി ചർച്ച ചെയ്ത മാലികീ മദ്ഹബിലെ പണ്ഡിതന്മാർക്കിടയിലുള്ള അഭിപ്രായഭിന്നതയുടെ തുടർച്ച തന്നെയാണിത്. 

"കെട്ടിക്കിടക്കുന്ന കച്ചവടവസ്തുക്കൾക്ക് അവ വിൽക്കപ്പെടുന്ന വർഷത്തെ സകാത്ത് മാത്രമേ ബാധകമാകുകയുള്ളൂ എന്നതാണ് മാലികീ മദ്ഹബിലെ പണ്ഡിതന്മാരായ ابن الماجشون (റഹി) سحنون (റഹി) തുടങ്ങിയവർ തിരഞ്ഞെടുത്തിട്ടുള്ള അഭിപ്രായം. മാലികീ മദ്ഹബിലെ പ്രസിദ്ധമായ അഭിപ്രായത്തിൽ നിന്നും വ്യത്യസ്ഥമാണിത് " . - [المنتقى شرح الموطأ2/155 ، التاج والإكليل  3/189] 

 مجلة البحوث الإسلامية യിൽ ശൈഖ് അബ്ദുല്ലാഹിബ്നു ഉമർ ബ്നു മുഹമ്മദ്‌ അസ്സുഹൈബാനി(ഹ) അവതരിപ്പിച്ച റിസർച്ചിൽ അദ്ദേഹം എത്തിച്ചേരുന്ന അഭിപ്രായം, കെട്ടിക്കിടക്കുന്ന കച്ചവട വസ്തുവാണെങ്കിൽപോലും അത് സകാത്തിൽ നിന്നും ഒഴിവല്ല. എല്ലാ വർഷവും അതിന് സകാത്ത് ബാധകമാണ് എന്നതാണ്.

ഇബ്നു ഉസൈമീൻ(റഹി) തിരഞ്ഞെടുത്ത അഭിപ്രായമാണ് കൂടുതൽ പ്രബലമായി തോന്നുന്നതെങ്കിലും, ഏറെ സൂക്ഷ്മത കാണിക്കേണ്ട വിഷയമാണിത്. അല്ലാഹു ഹൃദയങ്ങളിൽ ഒളിച്ചു വെക്കുന്നതിനെ കൃത്യമായി അറിയുന്നവനാകുന്നു. തൗഹീദിന്റെ മൂന്നു വശങ്ങളും അതായത് റുബൂബിയ്യത്തും, ഉലൂഹിയ്യത്തും, അസ്മാഉ വ സ്വിഫാത്തും കൃത്യമായി ഉൾക്കൊണ്ടവർക്കേ സകാത്തെന്നല്ല എതൊരാരാധനയും സത്യസന്ധമായും കൃത്യതയോടെയും നിർവഹിക്കാൻ സാധിക്കൂ.... 

സകാത്ത്  ( Part-4 )
_______________________

സ്ഥലത്തിന് സകാത്ത് ബാധകമാണോ ?, എങ്കില്‍ അതിന്റെ സകാത്ത് നൽകേണ്ടതെപ്പോൾ ?.
•••••••••••••••••••••••••••••••••••••••

ചോ: സ്ഥലത്തിന് സകാത്ത് ബാധകമാണോ ?, എങ്കില്‍ അത് വിറ്റ്‌ ലാഭം കിട്ടുമ്പോള്‍ ആണോ കൊടുക്കേണ്ടത് ? 

ഉത്തരം: വില്പനക്ക് വച്ച സ്ഥലത്തിനാണ് സകാത്ത് ബാധകമായിട്ടുള്ളത്. വില്പനക്കല്ലാതെ കൃഷിക്ക് വേണ്ടിയോ, വീട് വെക്കുന്നതിന് വേണ്ടിയോ, ഫാക്ടറി തുടങ്ങുന്നതിനു വേണ്ടിയോ, വാടകക്ക് നല്കാൻ വേണ്ടിയോ ഒക്കെയുള്ള  സ്ഥലമാണെങ്കില്‍ അതിന് സകാത്ത് ഇല്ല. 

ഇനി വില്പനക്ക് വച്ച സ്ഥലത്തിന്‍റെ സകാത്ത് എപ്രകാരമാണ് നാം നല്‍കേണ്ടത് ?.

ജനങ്ങളുടെ ഇടയില്‍ ഏറെ തെറ്റിദ്ധാരണ ഉള്ള ഒരു വിഷയമാണിത്. പലരും പല രൂപത്തിലാണ് ധരിച്ചു വച്ചിട്ടുള്ളത്. വില്പന വസ്തുവാണെങ്കില്‍ പോലും സ്ഥലത്തിന് സകാത്ത് ബാധകമാകുകയില്ല എന്ന് ധരിച്ചു വച്ചവരും ഏറെ. മൂല്യം നിസ്വാബ് തികയുന്ന കച്ചവട വസ്തുക്കള്‍ക്കെല്ലാം സകാത്ത് ബാധകമാണ്. 

ഇനി വില്പന വസ്തുക്കളുടെ സകാത്ത് നിര്‍ബന്ധമാകുന്നത് അവയുടെ മൂല്യത്തിലാണ്. അഥവാ സകാത്ത് നിര്‍ബന്ധമാകുന്ന ഒരു ഹിജ്റ വര്‍ഷ  കാലാവധി (ഹൗല്‍) തികയുമ്പോള്‍ ആ വില്പന വസ്തുവിന് മാര്‍ക്കറ്റില്‍ ഉള്ള വിലയുടെ രണ്ടര ശതമാനം ആണ് സകാത്ത് ആയി നല്‍കേണ്ടത്. 

ഉദാ: ഒരാള്‍ വില്‍ക്കുക എന്ന ഉദ്ദേശത്തോടെ പത്ത് ലക്ഷം രൂപക്ക് ഒരു സ്ഥലം വാങ്ങി എന്ന് കരുതുക. ഹൗല്‍ പൂര്‍ത്തിയാകുന്ന സമയത്ത് ആ സ്ഥലത്തിന് പന്ത്രണ്ട് ലക്ഷം രൂപ വില വരുമെങ്കില്‍ പന്ത്രണ്ട് ലക്ഷത്തിന്‍റെ രണ്ടര ശതമാനം ആണ് സകാത്ത് ആയി നല്‍കേണ്ടത്. 

അഥവാ ഹൗല്‍ തികയുന്ന സമയത്തുള്ള മാര്‍ക്കറ്റ് വിലയുടെ രണ്ടര ശതമാനം ആണ് സകാത്ത് ആയി നല്‍കേണ്ടത്. 

ഇനിയുള്ള ചോദ്യം ആ സ്ഥലം വാങ്ങിയ അന്ന് മുതലാണോ ഞാന്‍ ഹൗല്‍ തുടങ്ങുന്ന ദിവസമായി പരിഗണിക്കേണ്ടത് ? അതല്ല ഞാന്‍ കച്ചവട വസ്തു വാങ്ങാന്‍ വേണ്ടി ഉപയോഗിച്ച പണം എന്‍റെ കയ്യില്‍ വന്നത് മുതല്‍ ആണോ ഹൗല്‍ തുടങ്ങുന്നത് എന്നതാണ് ?
(ഹൗല്‍ എന്നാല്‍ സകാത്ത് നിര്‍ബന്ധമാകുന്ന ഒരു ഹിജ്റ വര്‍ഷ സമയപരിധി )  

എന്‍റെ കയ്യില്‍ ആ പണം വന്നത് മുതലാണ്‌ ഞാന്‍ ഹൗല്‍ തുടങ്ങിയതായി പരിഗണിക്കുക. ഉദാ: ശഅബാന്‍ ഒന്നിന് എനിക്ക് ഒരാള്‍ അഞ്ചു ലക്ഷം രൂപ ഹദിയ്യ നല്‍കി എന്ന് സങ്കല്‍പ്പിക്കുക. ആ പണം കൊണ്ട് റമളാന്‍ മുപ്പതിന് ഞാന്‍ ഒരു കച്ചവട വസ്തു വാങ്ങി എന്ന് സങ്കല്‍പ്പിക്കുക. ഇനി അടുത്ത ശഅബാന്‍ ഒന്ന് വരുമ്പോഴാണോ അതല്ല റമളാന്‍ മുപ്പതിനാണോ ഞാന്‍ സകാത്ത് കൊടുക്കാന്‍ ബാധ്യസ്തനാകുന്നത് എന്നതാണ് ചോദ്യം.  ഇവിടെ ഞാന്‍ കച്ചവട വസ്തു വാങ്ങിയ സമയമല്ല മറിച്ച് എന്‍റെ കയ്യില്‍ ആ പണം വന്ന ദിവസമാണ് ഞാന്‍ ഹൗലിന്‍റെ ആരംഭമായി പരിഗണിക്കേണ്ടത്. അഥവാ പിറ്റേ വര്‍ഷം ശഅബാന്‍ ഒന്ന് വരുമ്പോള്‍ തന്നെ എന്‍റെ കയ്യിലുള്ള കച്ചവട വസ്തുവിന്‍റെ മാര്‍ക്കറ്റ് വിലയുടെ രണ്ടര ശതമാനം   സകാത്ത് കൊടുക്കാന്‍ ഞാന്‍ ബാധ്യസ്ഥനാകുന്നു.

സകാത്ത്  (Part-5)
_________________________

ഭൂമിയുടെ (സ്ഥലത്തിന്റെ) സകാത്ത് :
••••••••••••••••••••••••••••••••••••••••••

ഒരാൾ തന്റെ വ്യക്തിപരമായ ആവശ്യത്തിനു വേണ്ടി,അഥവാ കൃഷിക്ക്, വീട് വെക്കാൻ, കെട്ടിടം പണിയാൻ,ഒരു സമ്പാദ്യം എന്ന നിലക്ക് സ്വന്തം ഉടമസ്ഥതയിൽ നിലനിർത്താൻ, മക്കൾക്കോ, ബന്ധുക്കൾക്കോ നൽകാൻ, വഖഫ് ചെയ്യാൻ  എന്നിങ്ങനെയുള്ള ഉദ്ദേശ്യത്തോടെ കച്ചവടാവശ്യത്തിനല്ലാതെ വാങ്ങിക്കുന്ന ഭൂമിക്ക് സകാത്ത് ബാധകമാകുകയില്ല. എന്നാൽ വിൽപന ഉദ്ദേശിച്ചുകൊണ്ട്‌ (അത് പിന്നീടായാലും ശരി) വാങ്ങിക്കുന്ന ഭൂമിക്ക് കച്ചവട വസ്തുവായതിനാൽ തന്നെ സകാത്ത് ബാധകമാണ്.

ഇനി ഒരാൾ സ്വന്തം ആവശ്യത്തിന് വേണ്ടി വാങ്ങിച്ച വസ്തു എപ്പോഴാണോ വിൽക്കുവാൻ തീരുമാനിക്കുന്നത് അപ്പോൾ മുതൽ അത് കച്ചവട വസ്തുവായി മാറുന്നു. കച്ചവട വസ്തുക്കൾക്ക് സകാത്ത് ബാധകമാണ്. തിരിച്ച് വില്‍ക്കുന്നില്ല എന്ന തീരുമാനമെടുക്കുന്നത് വരെ. ഇവിടെ ഓരോരുത്തരും മനസ്സിലാക്കേണ്ടത് സകാത്തില്‍ നിന്നും രക്ഷപ്പെടാന്‍ സാങ്കേതികമായ പദം മാറ്റങ്ങള്‍ കൊണ്ട് കഴിയില്ല. അല്ലാഹു കണ്ണിന്‍റെ കട്ടുനോട്ടവും, ഹൃദയങ്ങളില്‍ ഒളിച്ചുവെക്കുന്നതും അറിയുന്നവനാണ്. അതിനാൽ അവനവന്റെ ഉദ്ദേശ്യത്തെക്കുറിച്ച് അവനവനു തന്നെയാണ് അറിയുക. 

കച്ചവടവസ്തുവിന്റെ ഹൗൽ നിർണ്ണയിക്കുന്നതുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ടത്: 

1 - വാങ്ങിക്കുമ്പോൾ തന്നെ വിൽപന ഉദ്ദേശിച്ചുകൊണ്ടാണ്‌ വാങ്ങിച്ചതെങ്കിൽ, വാങ്ങിയ തിയ്യതിയല്ല മറിച്ച് വാങ്ങാനുപയോഗിച്ച പണത്തിന്റെ ഹൗൽ ആണ് പരിഗണിക്കേണ്ടത്. അഥവാ പണം കച്ചവട വസ്തുവായി മാറുന്നത് ഹൗലിനെ ബാധിക്കുന്നില്ല.

ഉദാ: ഒരാളുടെ കൈവശം 10 ലക്ഷം രൂപയുണ്ട്. അതിന്റെ ഹൗൽ തികയുന്നത് മുഹറം 1 നാണ് എന്ന് കരുതുക. അയാള് ആ 10 ലക്ഷം രൂപക്ക് സ്വഫർ 3 ന് കച്ചവടാവശ്യത്തിനായി ഒരു സ്ഥലം വാങ്ങിച്ചുവെങ്കിൽ. അതിന്റെ സകാത്ത് കണക്കു കൂട്ടേണ്ടത് മുഹറം 1 നാണ്. എന്നാൽ കണക്കു കൂട്ടേണ്ട വിലയുടെ കാര്യത്തിൽ ഹൗൽ തികയുമ്പോഴുള്ള മാർകറ്റ് വിലയാണ് പരിഗണിക്കുക. അതായത് 10 ലക്ഷം രൂപക്ക് വാങ്ങിച്ച വസ്തുവിന് ഹൗൽ തികയുന്ന സന്ദർഭത്തിൽ 9 ലക്ഷം രൂപയാണ് എങ്കിൽ, 9 ലക്ഷം രൂപയുടെ 2.5% ആണ് സകാത്തായി നൽകേണ്ടത്, 12 ലക്ഷം രൂപയാണ് ആ സമയത്തെ വിലയെങ്കിൽ അതിന്റെ 2.5% ആണ് സകാത്തായി നൽകേണ്ടത്. 

2 -  എന്നാൽ വിൽക്കണമെന്നുള്ള  ഉദ്ദേശ്യത്തോടെയല്ലാതെ സ്വന്തം ഉടമസ്ഥതയിൽ നിലനിർത്താൻ ആഗ്രഹിച്ചുകൊണ്ട്‌ ഒരാൾ വാങ്ങിച്ച ഭൂമിക്ക് സകാത്ത് ബാധകമല്ല. അത്തരം ഒരു സ്ഥലം എപ്പോഴാണോ ഒരാൾ വിൽക്കാൻ തീരുമാനിക്കുന്നത് അപ്പോൾ മാത്രമേ കച്ചവട വസ്തുവായി മാറുകയും സകാത്ത് ബാധകമാകുകയും ചെയ്യുന്നുള്ളൂ. വിൽക്കാനുള്ള തീരുമാനം എപ്പോൾ എടുക്കുന്നുവോ അന്ന് മുതലാണ്‌ അതിന്റെ ഹൗൽ ആരംഭിക്കുന്നത്. 

----------------------------------

ലജ്നതുദ്ദാഇമയുടെ ഫത്'വ :

ചോദ്യം: തൻറെ കല്യാണമാകുമ്പോഴേക്കും പണം സൂക്ഷിക്കുകയും, പിന്നീട് വിൽക്കുകയും ചെയ്യാം എന്ന ഉദ്ദേശ്യത്തോടെ വാങ്ങിച്ച സ്ഥലത്തിന് സകാത്ത് നിർബന്ധമാണോ ?.. 

ഉത്തരം:   കല്യാണം ഉറപ്പിച്ചാൽ വിൽക്കാം എന്ന ഉദ്ദേശ്യത്തോടെ നീ വാങ്ങിച്ച ഈ ഭൂമി കച്ചവട വസ്തുവാണ്. എപ്പോഴാണോ കല്യാണക്കാര്യങ്ങൾ ശരിയാകുന്നത് അപ്പോൾ വിൽക്കുമെന്ന് നീ തീരുമാനിച്ചതിനാലാണത്, അതിനാൽ തന്നെ നീയത് വാങ്ങിക്കുകയും വിൽക്കാൻ തീരുമാനിക്കുകയും ചെയ്തത് പ്രകാരം അതിന്റെ ഹൗൽ എപ്പോൾ തികയുന്നുവോ, ആ സമയത്തെ മാർക്കറ്റ് വില കണക്കാക്കി അതിന്റെ 2.5% സകാത്തായി നൽകണം. ഓരോ തവണ ഹൗൽ തികയുമ്പോഴും, ആ കച്ചവട വസ്തു വിൽക്കപ്പെട്ടിട്ടില്ലെങ്കിൽ ഹൗൽ തികയുന്ന സന്ദർഭത്തിലെ അതിന്റെ വില കണക്കാക്കി അതിന്റെ2.5% സകാത്തായി നൽകണം.

ഹൗൽ തികയുന്ന സന്ദർഭത്തിൽ അതിന്റെ വില വാങ്ങിച്ച വിലയേക്കാൾ കൂടുതലോ, കുറവോ ആയിരുന്നാലും ശരി ഹൗൽ തികയുന്ന സന്ദർഭത്തിലെ വിലയാണ് പരിഗണിക്കപ്പെടുക. ആളുകൾക്കിടയിൽ പ്രചാരത്തിലുള്ള ഏതൊരു നാണയത്തിന്റെ അടിസ്ഥാനത്തിലാണോ  അതിന്റെ വില കണക്കാക്കിയത്, ആ നാണയമോ, സ്വർണ്ണമോ,വെള്ളിയോ അതിന്റെ സകാത്തായി നൽകാം.... അപ്രകാരം ചെയ്യുന്നതാണ് അതിന്റെ വില നിർണ്ണയിക്കുന്നതിൽ കൃത്യതയും സൂക്ഷ്മതയും പുലർത്തുവാനും, തന്റെ ബാധ്യത നിറവേറ്റുവാനും ഏറ്റവും ഉചിതം"

[ ഫതാവ ലിജ്നതുദ്ദാഇമ : അബ്ദുൽ അസീസ്‌ ഇബ്നു ബാസ് (റ) , അബ്ദുൽ അസീസ്‌ ആലു ശൈഖ്(ഹ),സ്വാലിഹ് അൽ ഫൗസാൻ (ഹ) , ബകർ അബൂ സൈദ്‌ (റ) ].     

----------------------------------

ഇബ്നു ഉസൈമീൻ(റഹി) യോട്  ചോദിക്കപ്പെട്ടു:

ചോദ്യം: ഞാൻ ഈജിപ്തിൽ ഒരു ഭൂമി വാങ്ങിച്ചു. അതിന് സകാത്തുണ്ടോ ?. ഉണ്ടെങ്കിൽ ഇപ്രകാരമാണ് അതിന്റെ നിസ്വാബ് ഞാൻ കണക്കാക്കേണ്ടത് ?

ഉത്തരം :  ഒരാൾ ഒരു ഭൂമി വാങ്ങിച്ചു. അത് ഈജിപ്തിലോ, സൗദിയിലോ, ഇറാഖിലോ, ശാമിലോ,ഇനി ഭൂമിയുടെ ഇത് ഭാഗത്തോ ആവട്ടെ, അത് അയാള് കച്ചവടം ചെയ്യാൻ ഉദ്ദേശിക്കുന്നില്ല, മറിച്ച് അതിൽ ഒരു വീട് വെക്കാനോ, ഒരു വാടകക്കെട്ടിടം പണിയാനോ,അതല്ലെങ്കിൽ തന്റെ പണം ഒരു സമ്പത്തായി സംരക്ഷിച്ചു വെക്കാനോ ആണ് വാങ്ങിച്ചതെങ്കിൽ അതിൽ സകാത്ത് ബാധകമല്ല. കാരണം ഭൂമി എന്ന ഗണത്തിന് അതൊരു കച്ചവടവസ്തുവായാലല്ലാതെ സകാത്ത് ബാധകമാകുന്നില്ല.

അഥവാ ഒരാൾ തന്റെ മൂലധനമായി കണക്കാക്കുന്ന,  വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന വസ്തുവാണെങ്കിലാണ് ഭൂമിക്ക് സകാത്ത് ബാധകമാകുന്നത്. ഇതിൽ ആദ്യം പറഞ്ഞതാണ് ഈ ഭൂമി വാങ്ങിച്ചതിലൂടെ നീ ഉദ്ദേശിക്കുന്നതെങ്കിൽ അതിന് സകാത്ത് ബാധകമല്ല. എന്നാൽ റിയൽ എസ്റ്റേറ്റുകാർ  തങ്ങളുടെ ഭൂമി ചെയ്യാറുള്ളതുപോലെ വില്പനയാണ് നിന്റെ ഉദ്ദേശ്യമെങ്കിൽ (അത് പിന്നീടാണെങ്കിൽ പോലും) അതിൽ നിനക്ക് സകാത്ത് നിർബന്ധമാണ്‌.  

ഓരോ ഹൗൽ പൂർത്തിയാകുമ്പോഴും അതിന്റെ ആ സമയത്തെ വിലയെത്രയാണ് എന്ന് കണക്കാക്കി അതിന്റെ 2.5% സകാത്തായി നൽകണം. 

[ ഫതാവ നൂറുൻ അലദ്ദർബ് - ഇബ്നു ഉസൈമീൻ].

----------------------------------

കെട്ടിക്കിടക്കുന്ന കച്ചവട വസ്തുക്കളുടെ സകാത്ത്: 

ചോദ്യം: നല്ലവിലയുള്ള സമയത്ത് ഒരാള്‍ കുറച്ച് ഭൂമി വാങ്ങി. പക്ഷെ പിന്നീട് മാര്‍ക്കറ്റ് ഇടിഞ്ഞു. കുറഞ്ഞവിലക്കായാലും കൂടിയവിളക്കായാലും ആരും വാങ്ങാനില്ലാത്ത അവസ്ഥ. ഇപ്രകാരം കച്ചവടവസ്തുക്കള്‍ കെട്ടിക്കിടക്കുന്ന അവസരത്തിലും സകാത്ത് നല്‍കേണ്ടതുണ്ടോ ?. 

ഉത്തരം : ഇബ്നു ഉസൈമീന്‍ (رحمه الله) നല്‍കുന്ന മറുപടി: “ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത് ഇത്തരം സന്ദര്‍ഭങ്ങളില്‍ ആ കച്ചവടവസ്തുവിന് സകാത്ത് ബാധകമല്ല എന്നതാണ്. കാരണം തിരിച്ചടക്കാന്‍ സാധിക്കാത്തവന്‍റെ കയ്യില്‍ നിന്നും കിട്ടാനുള്ള കടത്തെപ്പോലെയാണിത്‌. (അവന്‍റെ പണം തിരിച്ചുകിട്ടുമോ എന്ന് തന്നെ ഉറപ്പില്ലാതിരിക്കുമ്പോള്‍ അവന്‍ അതിന്‍റെ സകാത്ത് കൂടി നല്‍കണം എന്ന് പറയുന്നത് ഉചിതമല്ലല്ലോ). അഥവാ അതയാള്‍ക്ക് വില്‍ക്കാന്‍ പറ്റിയാല്‍ ആ വിട്ട വര്‍ഷത്തെ സകാത്ത് മാത്രം അയാള്‍ നല്കിക്കൊള്ളട്ടെ. ഈ അഭിപ്രായം ശറഇന്‍റെ നിയമങ്ങളോട് യോജിക്കുന്നതും ആളുകള്‍ക്ക് അല്പം ആശ്വാസം നല്‍കുന്നതുമാണ്”.

അതോടൊപ്പം അദ്ദേഹം പറഞ്ഞു: "വാങ്ങിക്കാൻ ആളെക്കിട്ടാതെ വരികയും മുടങ്ങിക്കിടക്കുകയും ചെയ്യുന്ന സ്വത്തിന്റെ വിഷയത്തിൽ അത് വിൽക്കപ്പെടുന്നതെപ്പോഴാണോ ആ വർഷത്തെ മാത്രം സകാത്ത് നൽകിയാൽ മതി എന്ന് പറയാമെങ്കിലും അത് വിറ്റുകഴിഞ്ഞാൽ, കഴിഞ്ഞ വർഷങ്ങളുടെയെല്ലാം സകാത്ത് കണക്കു കൂട്ടി നൽകുന്നതാണ് സൂക്ഷ്മത. കാരണം കടവും ഇതും തമ്മിലുള്ള വ്യത്യാസം ഇത് അവന്റെ തന്നെ കൈവശമാണ്. എന്നാൽ കടം നിവൃത്തികേടുകൊണ്ട് തിരിച്ചടക്കാൻ സാധിക്കാത്ത ദരിദ്രന്റെ മേൽ ബാധ്യതയായാണ് നിലകൊള്ളുന്നത് ". –
[ مجموع فتاوى ورسائل ابن عثيمين رحمه الله Vo:18, كتاب عروض التجارة ].

-------------------------------

കെട്ടിക്കിടക്കുന്ന കച്ചവട വസ്തുക്കളുടെ സകാത്ത്
-------------

ഏതായാലും കെട്ടിക്കിടക്കുന്ന കച്ചവട വസ്തുക്കളുടെ വിഷയത്തിൽ ആധുനിക കാലഘട്ടത്തിൽ ജീവിച്ച പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ ഭിന്നതയുണ്ട്. ഈ വിഷയം വിശദമായി ചർച്ച ചെയ്ത മാലികീ മദ്ഹബിലെ പണ്ഡിതന്മാർക്കിടയിലുള്ള അഭിപ്രായഭിന്നതയുടെ തുടർച്ച തന്നെയാണിത്. 

"കെട്ടിക്കിടക്കുന്ന കച്ചവടവസ്തുക്കൾക്ക് അവ വിൽക്കപ്പെടുന്ന വർഷത്തെ സകാത്ത് മാത്രമേ ബാധകമാകുകയുള്ളൂ എന്നതാണ് മാലികീ മദ്ഹബിലെ പണ്ഡിതന്മാരായ ابن الماجشون (റഹി) سحنون (റഹി) തുടങ്ങിയവർ തിരഞ്ഞെടുത്തിട്ടുള്ള അഭിപ്രായം. മാലികീ മദ്ഹബിലെ പ്രസിദ്ധമായ അഭിപ്രായത്തിൽ നിന്നും വ്യത്യസ്ഥമാണിത് " . - [المنتقى شرح الموطأ 2/155 ،التاج والإكليل  3/189] 

 مجلة البحوث الإسلامية യിൽ
ശൈഖ് അബ്ദുല്ലാഹിബ്നു ഉമർ ബ്നു മുഹമ്മദ്‌ അസ്സുഹൈബാനി (ഹ) അവതരിപ്പിച്ച റിസർച്ചിൽ അദ്ദേഹം എത്തിച്ചേരുന്ന അഭിപ്രായം, കെട്ടിക്കിടക്കുന്ന കച്ചവട വസ്തുവാണെങ്കിൽപോലും അത് സകാത്തിൽ നിന്നും ഒഴിവല്ല എന്നതാണ്. എല്ലാ വർഷവും അതിന് സകാത്ത് ബാധകമാണ് എന്നതാണ്. 

ഇബ്നു ഉസൈമീൻ (റഹി) തിരഞ്ഞെടുത്ത അഭിപ്രായമാണ് കൂടുതൽ പ്രബലമായി തോന്നുന്നതെങ്കിലും, ഏറെ സൂക്ഷ്മത കാണിക്കേണ്ട വിഷയമാണിത്. അല്ലാഹു ഹൃദയങ്ങളിൽ ഒളിച്ചു വെക്കുന്നതിനെ കൃത്യമായി അറിയുന്നവനാകുന്നു. തൗഹീദിന്റെ മൂന്നു വശങ്ങളും അതായത് റുബൂബിയ്യത്തും, ഉലൂഹിയ്യത്തും, അസ്മാഉ വ സ്വിഫാത്തും കൃത്യമായി ഉൾക്കൊണ്ടവർക്കേ സകാത്തെന്നല്ല എതോരാരാധനയും സത്യസന്ധമായും കൃത്യതയോടെയും നിർവഹിക്കാൻ സാധിക്കൂ... 

അനാവശ്യമായി ഭൂമി പിടിച്ചുവെക്കുകയും, വിലക്കയറ്റം ഉണ്ടാക്കുകയും ചെയ്യുന്ന പ്രവണതക്ക് തടയിടാൻ സകാത്തിന് സാധിക്കുന്നു എന്നതും ഇവിടെ ശ്രദ്ധേയമാണ്. ഈ ലേഖനം കൂടി വായിക്കുന്നത് കൂടുതൽ ഉപകാരപ്രദമായിരിക്കും ... 

സകാത്ത് - Part-6
_________________________

ഉപയോഗിക്കുന്ന ആഭരണത്തിന്‍റെ സകാത്ത്:
••••••••••••••••••••••••••••••••••••••••••

 
➡ ഉപയോഗിക്കുന്ന ആഭരണത്തിന്‍റെ സകാത്തുമായി ബന്ധപ്പെട്ട് പണ്ഡിതലോകത്ത് അഞ്ച് അഭിപ്രായങ്ങളുണ്ട്:

1⃣) ഉപയോഗിക്കുന്ന ആഭരണത്തിന് സകാത്ത് ബാധകമല്ല.

2⃣) ഒരൊറ്റ തവണ സകാത്ത് നല്‍കിയാല്‍ മതി. ഓരോ വര്‍ഷവും നല്‍കേണ്ടതില്ല.

3⃣) അത് മറ്റുള്ളവര്‍ക്ക് (ഹലാലായ) ഉപയോഗത്തിന് കടം കൊടുക്കലാണ് അതിന്‍റെ സകാത്ത്.

4⃣) ഒന്നുകില്‍ അത് (ഹലാലായ) ഉപയോഗത്തിന് മറ്റുള്ളവര്‍ക്ക് കടം കൊടുക്കുക. അല്ലെങ്കില്‍ അതിന്‍റെ സകാത്ത് നല്‍കുക.

5⃣) അത് നിസ്വാബ് (85ഗ്രാം) തികയുന്നുവെങ്കില്‍ ഓരോ വര്‍ഷവും ഹൗല്‍ തികയുമ്പോള്‍ അതിന്‍റെ സകാത്ത് നല്‍കേണ്ടതുണ്ട്. 

✅അഞ്ചാമത്തെ അഭിപ്രായമാണ് തെളിവുകളുടെ പിന്‍ബലത്തില്‍ എനിക്ക് ഏറ്റവും പ്രബലമായ അഭിപ്രായമായി മനസിലാക്കാന്‍ സാധിച്ചത്. ശൈഖ് ഇബ്നു ഉസൈമീന്‍ (റഹി), ഇബ്നു ബാസ് (റഹി) തുടങ്ങിയവരെല്ലാം പ്രബലമായ അഭിപ്രായമായി രേഖപ്പെടുത്തിയതും അതുതന്നെയാണ്. ശൈഖ് ഇബ്നു ഉസൈമീന്‍ (رسالة في زكاة الحلي) എന്ന ലഘുകൃതി തന്നെ വളരെ പ്രമാണബദ്ധമായി ഈ വിഷയത്തില്‍ രചിച്ചിട്ടുണ്ട്.

⬇അദ്ദേഹം നല്‍കിയ ചില തെളിവുകള്‍ ആണ് ഇവിടെ നല്‍കുന്നത്:

വിശുദ്ധ ഖുര്‍ആനില്‍ നിന്നും:
-------------------------

وَٱلَّذِينَ يَكۡنِزُونَ ٱلذَّهَبَ وَٱلۡفِضَّةَ وَلَا يُنفِقُونَهَا فِي سَبِيلِ ٱللَّهِ فَبَشِّرۡهُم بِعَذَابٍ أَلِيمٖ 

“സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അത്‌ ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക്‌ വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക”. – [التوبة 34].  

എല്ലാ സ്വര്‍ണ്ണത്തിലും സകാത്ത് ബാധകമാണ് എന്ന് വിശുദ്ധഖുര്‍ആനിന്‍റെ പ്രയോഗത്തില്‍ നിന്നും മനസ്സിലാക്കാം. ഇനി ഉപയോഗിക്കുന്ന ആഭരണം മാത്രം അതില്‍ നിന്നും ഒഴിവാണ് എന്ന് പറയുന്നവര്‍ അതിന് വ്യക്തവും സ്പഷ്ടവുമായ തെളിവുകള്‍ കൊണ്ടുവരേണ്ടതുണ്ട്.

ഹദീസില്‍ നിന്നും.
-------------------------

അബൂ ഹുറൈറ (റ) നിവേദനം.പ്രവാചകന്‍(സ) പറഞ്ഞു: “സ്വര്‍ണമോ വെള്ളിയോ കൈവഷമുള്ളവന്‍ അതില്‍ ബാധ്യതയായുള്ള സകാത്ത് നല്‍കാത്ത പക്ഷം ഖിയാമത്ത് നാളില്‍ തീ കൊണ്ടുള്ള ഫലകങ്ങളായി അവയെ രൂപപ്പെടുത്തുകയും അത് നരകത്തില്‍ ചൂളക്ക് വച്ചതിനുശേഷം അവന്‍റെ നെറ്റിയും, പാര്‍ശ്വഭാഗവും, പുറവുമെല്ലാം അതുകൊണ്ട് ചൂടുവേക്കപ്പെടുകയും ചെയ്യും”. 
 – [മുസ്‌ലിം].

അംറുബ്നു ശുഐബ് തന്‍റെ പിതാവില്‍നിന്നും, അദ്ദേഹം അദ്ദേഹത്തിന്‍റെ പിതാവില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരിക്കല്‍ പ്രവാചകസന്നിധിയിലേക്ക് ഒരു സ്ത്രീയും മകളും കടന്നുവന്നു. മകളുടെ കൈകളില്‍ കട്ടിയുള്ള രണ്ട് സ്വര്‍ണ്ണവളകളുണ്ട്. പ്രവാചകന്‍(സ) അവരോട് ചോദിച്ചു: നിങ്ങള്‍ ഇതിന്‍റെ സകാത്ത് നല്‍കാറുണ്ടോ? അവര്‍ പറഞ്ഞു: ഇല്ല. പ്രവാചകന്‍(സ) പറഞ്ഞു: “ഇതിനു പകരമായി നരകത്തില്‍ നിന്നുള്ള രണ്ടുവളകള്‍ അല്ലാഹു നിങ്ങളെ ധരിപ്പിക്കുന്നതിനെ നിങ്ങള്‍ ഇഷ്ടപ്പെടുന്നുണ്ടോ ?!. ഹദീസിന്‍റെ റാവി പറയുന്നു: അവര്‍ ആ രണ്ടു വളകളും ഊരി പ്രവാചകന്‍റെ മുന്നിലിടുകയും, ഇവ രണ്ടും അല്ലാഹുവിനും അവന്‍റെ പ്രവാചകനുമുള്ളതാണ് എന്ന് പറയുകയും ചെയ്തു”. – [തിര്‍മിദി, നസാഇ, അബൂദാവൂദ്].

അബ്ദുല്ലാഹിബ്നു ശദ്ദാദില്‍ നിന്നും നിവേദനം. ഞങ്ങള്‍ ഒരിക്കല്‍ ആഇശ(റ) യുടെ അടുത്തേക്ക് പ്രവേശിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു: ഒരിക്കല്‍ റസൂല്‍ (സ) എന്‍റെ അരികിലേക്ക് പ്രവേശിച്ചു. എന്‍റെ കൈകളിലുള്ള വെള്ളി മോതിരങ്ങള്‍ അദ്ദേഹത്തിന്‍റെ ശ്രദ്ധയില്‍പ്പെട്ടു. അപ്പോള്‍ അദ്ദേഹം ചോദിച്ചു: ഇതെന്താണ് ആഇശാ ?!. ഞാന്‍ പറഞ്ഞു: പ്രവാചകരേ, അത് അങ്ങേക്ക് മുന്നില്‍ അലങ്കാരമെന്നോണം എനിക്കണിയാന്‍ ഞാന്‍ ഉണ്ടാക്കിയതാണ്. അപ്പോള്‍ അദ്ദേഹം ചോദിച്ചു. നീ അതിന്‍റെ സകാത്ത് കൊടുക്കാറുണ്ടോ?. ‘ഇല്ല’ എന്നോ, അതോ നല്‍കാറില്ല എന്ന് സൂചിപ്പിക്കുന്ന മറ്റെന്തോ ഞാന്‍ മറുപടി നല്‍കി. അപ്പോള്‍ അദ്ദേഹം പറഞ്ഞു:  നരകത്തില്‍ പോകുവാന്‍ അത് തന്നെ മതി”.
– [അബൂദാവൂദ്]

{ചോ: വെറും വെള്ളിമോതിരങ്ങള്‍ 595ഗ്രാം തികയുമോ ?. 

ഉ: സുഫ്‌യാന്‍ അസൗരി (റഹി) യോട് ഇതേ ചോദ്യം ചോദിക്കപ്പെട്ടു. എങ്ങനെയാണ് അവക്ക് സകാത്ത് നല്‍കുക. അദ്ദേഹം പറഞ്ഞു: “അവയെ മറ്റു ആഭരണങ്ങളിലേക്ക് ചേര്‍ക്കുക”. അതായത് ആഇശ(റ)യുടെ കയ്യിലുള്ള ആഭരണങ്ങളെപ്പറ്റി പ്രവാചകന്‍(സ)ക്ക് അറിയാമല്ലോ. അതിനാല്‍ തന്നെ അവരുടെ പക്കല്‍ നിസ്വാബ് തികയുന്ന വെള്ളി ആഭരണങ്ങള്‍ ഉണ്ടായിരിക്കും. ഇതുകൂടി അതിലേക്ക് കണക്കു കൂട്ടി സകാത്ത് നല്‍കണം എന്നായിരിക്കാം ഒരുപക്ഷെ ഉദ്ദേശിച്ചത്. എതായിരുന്നാലും നിസ്വാബിനെക്കുറിച്ച് അറിയാവുന്ന പ്രവാചകന്‍(സ) യാണ് അത് ചോദിച്ചത് എന്നിരിക്കെ ഇത്തരം ആശങ്കകള്‍ക്ക് യാതൊരു പ്രസക്തിയുമില്ല.}

ഉമ്മു സലമ(റ) പറഞ്ഞു: “ഞാന്‍ സ്വര്‍ണ്ണം കൊണ്ടുള്ള ആഭരണങ്ങള്‍ ധരിക്കാറുണ്ടായിരുന്നു. ഞാന്‍ പ്രവാചകനോട് ചോദിച്ചു: അല്ലാഹുവിന്‍റെ പ്രവാചകരേ, നിധി എന്ന് അതിനെ വിശേഷിപ്പിക്കാമോ ?. അദ്ദേഹം പറഞ്ഞു: “അത് സകാത്ത് നിര്‍ബന്ധമാകാനുള്ള പരിധിയെത്തുകയും (നിസ്വാബ്) അതിന്‍റെ നിസ്വാബ് നല്‍കപ്പെടുകയും ചെയ്‌താല്‍ അത് നിധിയല്ല”. – [അബൂദാവൂദ്]. 

Note: വിശുദ്ധഖുര്‍ആനില്‍ സകാത്ത് നല്‍കാത്ത സ്വര്‍ണ്ണത്തിനും, വെള്ളിക്കും നിധി എന്ന പ്രയോഗമുണ്ട്. അതാണ്‌ ഇവിടെയും ഉദ്ദേശിക്കുന്നത്.

⏩ആഭരണത്തിന് സകാത്ത് നിര്‍ബന്ധമാണ്‌ എന്നതിന് തെളിവായി സ്വഹാബത്തില്‍ നിന്നുമുള്ള അസറുകളും ഉണ്ട്:

അമീറുല്‍ മുഅ്മിനീന്‍ ഉമറുബ്നുല്‍ ഖത്താബ്(റ) അബൂ മൂസല്‍ അശ്അരി(റ)വിന് എഴുതി : “മുസ്‌ലിം സ്ത്രീകളോട് അവരുടെ ആഭരണങ്ങളില്‍ നിന്നും സകാത്ത് നല്‍കുവാന്‍ നീ കല്‍പ്പിക്കുക”
– [ഇബ്നു അബീ ശിബ 3/153 – ബൈഹഖി 4/139].

ഇബ്നു മസ്ഊദ്(റ)വിനോട് ഒരു സ്ത്രീ തന്‍റെ ആഭരണത്തെ സംബന്ധിച്ച് ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: “അത് ഇരുനൂറ് ദിര്‍ഹം തികഞ്ഞാല്‍ അതില്‍ സകാത്ത് ഉണ്ട്”.
- [ത്വബറാനി – مجمع الزوائد 2/70 ].

Note: തെളിവുകള്‍ പരിശോധിക്കുമ്പോള്‍ ഏറ്റവും പ്രബലമായ അഭിപ്രായമായി മനസ്സിലാകുന്നത് ഉപയോഗിക്കുന്ന ആഭരണങ്ങള്‍ ആണെങ്കില്‍ പോലും നിസ്വാബ് തികയുന്നുവെങ്കില്‍ ഓരോ വര്‍ഷവും അവക്ക് സകാത്ത് ബാധകമാണ്.

സ്വര്‍ണ്ണത്തിന്‍റെ നിസ്വാബ്:
20 ദിനാര്‍ =  20 മിസ്ഖാല്‍ 

1 മിസ്ഖാല്‍ = 4.25 ഗ്രാം.

20 × 4.25 ഗ്രാം = 85 ഗ്രാം 

സ്വര്‍ണത്തിന്‍റെ നിസ്വാബ് 85ഗ്രാം. അഥവാ പത്തര പവനും ഒരു ഗ്രാമും.

സകാത്ത് ആയി നല്‍കേണ്ടത് : 20 ദിനാറില്‍ നിന്നും ½ദിനാര്‍ = 2.5%

▪ഇനി ആളുകൾ സാധാരണയായി ചോദിക്കാറുള്ള ഒരു ചോദ്യം ആഭരണത്തിന്റെ സകാത്ത് സ്വർണ്ണമായിത്തന്നെ നൽകേണ്ടതുണ്ടോ, അതല്ല അതിനു പകരം അതിന്റെ വില നൽകിയാൽ മതിയോ എന്നാണ്. 

✔രണ്ടു രൂപത്തിലും നൽകാം. നൽകേണ്ട വിഹിതത്തിൻറെ തൽസമയത്തെ വില കണക്കാക്കി നൽകിയാലും മതി എന്നതാണ്  ശൈഖ് ഇബ്നു ഉസൈമീന്റെയും , ഇബ്നു ബാസിന്റെയും , ലിജ്നത്തുദ്ദാഇമയുടെയുമെല്ലാം വീക്ഷണം. 

��സകാത്ത് - Part-7
________________________

��കറന്‍സിയുടെ സകാത്തും നിസ്വാബും:
•••••••••••••••••••••••••••••••••••••••••••

��ധനമായതിനാലും, നമ്മുടെ കാലഘട്ടത്തില്‍ സ്വര്‍ണ്ണനാണയങ്ങള്‍ക്കും, വെള്ളിനാണയങ്ങള്‍ക്കും പകരമായി ഉപയോഗിക്കപ്പെടുന്നതായതിനാലും കറന്‍സിക്ക് സകാത്ത് നിര്‍ബന്ധമാണ്‌. പ്രവാചകന്‍(ﷺ)യുടെ കാലത്ത് കറന്‍സി സമ്പ്രദായം നിലവിലില്ലാത്തത് കൊണ്ടുതന്നെ അത് പ്രത്യേകം പ്രതിപാദിക്കുന്ന തെളിവുകള്‍ നമുക്ക് ലഭിക്കുകയില്ല. എന്നാല്‍ ഖിയാസ് മുഖേന കറന്‍സിയില്‍ സകാത്ത് ബാധകമാണ് എന്നത് സുവ്യക്തമാണ്.

  خُذۡ مِنۡ أَمۡوَٰلِهِمۡ صَدَقَةٗ تُطَهِّرُهُمۡ وَتُزَكِّيهِم بِهَا 

��“അവരെ ശുദ്ധീകരിക്കുകയും, അവരെ സംസ്കരിക്കുകയും ചെയ്യാനുതകുന്ന ദാനം അവരുടെ സ്വത്തുകളില്‍ നിന്ന്‌ നീ വാങ്ങുക” – [التوبة 103].

അതുപോലെ  മുആദ്(റ) വിനോട് പ്രവാചകന്‍(ﷺ)പറഞ്ഞു:

 "فأعلمهم أن الله افترض عليهم صدقة في أموالهم"

��“അവരുടെ സമ്പത്തില്‍ അല്ലാഹു ഒരു ദാനധര്‍മ്മത്തെ നിര്‍ബന്ധമാക്കിയിരിക്കുന്നു എന്ന് നീ അവരെ അറിയിക്കുക”- [ബുഖാരി]. 

കറന്‍സിയാകട്ടെ ഈ കാലഘട്ടത്തില്‍ ഒരു ധനമായാണ് പരിഗണിക്കപ്പെടുന്നത് എന്നതില്‍ യാതൊരു സംശയവുമില്ലല്ലോ.

⏩കറന്‍സിയുടെ നിസ്വാബ്: 

വെള്ളിയുടെയും സ്വര്‍ണ്ണത്തിന്‍റെയും നിസ്വാബുമായി പരസ്പരം താരതമ്യം ചെയ്തുനോക്കുമ്പോള്‍ ഏതാണോ ഏറ്റവും കുറവ് മൂല്യമുള്ളത് അതാണ്‌ കറന്‍സിയുടെ നിസ്വാബായി പരിഗണിക്കുക.

നമ്മുടെ കാലഘട്ടത്തില്‍ 595ഗ്രാം വെള്ളിക്ക് 85ഗ്രാം സ്വര്‍ണ്ണത്തെക്കാള്‍ മൂല്യം കുറവാണ്. അതിനാല്‍ തന്നെ വെള്ളിയുടെ നിസ്വാബാണ് കറന്‍സിയുടെ നിസ്വാബായി പരിഗണിക്കുക.
കാരണം ഖിയാസ് ചെയ്യുമ്പോള്‍ സകാത്തിന്‍റെ അവകാശികള്‍ക്ക് ഏറ്റവും ഉചിതമേത് എന്നതാണ് ഇവിടെ പരിഗണിക്കുന്നത്. 

▪സ്വർണ്ണവുമായും വെള്ളിയുമായും ഖിയാസ് ചെയ്യാമെന്നിരിക്കെ ഏതാണോ ആദ്യം നിസ്വാബ് എത്തുന്നത് ആ നിസ്വാബ് പരിഗണിക്കൽ നിർബന്ധമാകുന്നു. മാത്രമല്ല ദരിദ്രന് ഏറ്റവും ഉചിതമായതും അതാണ്‌. ഇപ്രകാരമാണ് ശൈഖ് ഇബ്നു ബാസും, ഇബ്നു ഉസൈമീനും (رحمهم الله),ലിജ്നതുദ്ദാഇമയുമെല്ലാം അഭിപ്രായപ്പെട്ടത്....

ശൈഖ് ഇബ്നു ബാസ്  (رحمه الله) പറയുന്നു: 

��"നിങ്ങൾ അയച്ച കത്തിലെ കറൻസിയുടെ നിസ്വാബ് എത്ര, സകാത്തായി നൽകേണ്ടത്  എത്രയാണ് ചോദ്യങ്ങൾക്കുള്ള മറുപടിയാണിത്. 

അതിന്റെ മൂല്യം സ്വർണ്ണത്തിന്റെ നിസ്വാബുമായും, വെള്ളിയുടെ നിസ്വാബുമായും താരതമ്യം ചെയ്യുമ്പോൾ ഏതാണോ കുറഞ്ഞ നിസ്വാബ് അത് പ്രകാരം കറൻസിയിൽ സകാത്ത് നിർബന്ധമാകുന്നു. (നമ്മുടെ കാലഘട്ടത്തിൽ കുറവ് മൂല്യം വെള്ളിക്കാണല്ലോ. അപ്പോൾ കുറഞ്ഞ നിസ്വാബ് വെള്ളിയുടെതാണ്). ആ കറൻസിയോടൊപ്പം സകാത്ത് നിർബന്ധമാകുന്ന സന്ദർഭത്തിൽ കൈവശമുള്ള മറ്റു കച്ചവടവസ്തുക്കളുടെ (മാർക്കറ്റ് വില) കൂടി  കൂട്ടി മൊത്തത്തിൽ നിസ്വാബ് തികഞ്ഞാലും മതി. ഇന്ന് പ്രചാരത്തിലുള്ള കറൻസിയുടെ നിസ്വാബ് 56 സൗദി വെള്ളി റിയാൽ (സൌദിയിൽ ഇന്ന് പ്രചാരത്തിലുള്ള വെള്ളിനാണയമോ, 20 മിസ്ഖാൽ സ്വർണ്ണമോ (85 ഗ്രാം) ആണ്. 

(ഇവയിൽ ഏതാണോ ആദ്യം നിസ്വാബ് തികയുന്നത് അത് പരിഗണിക്കണം എന്ന് ശൈഖ് സൂചിപ്പിച്ചുവല്ലോ. സ്വാഭാവികമായും വെള്ളിക്ക് മൂല്യം കുറവായതിനാൽ അതാണ്‌ ആദ്യം നിസ്വാബ് തികയുക. അതിനാൽ പരിഗനിക്കെണ്ടതും അതാണ്‌).  

��ലിജ്നതുദ്ദാഇമയുടെ ഫത്'വ :  

فتوى لجنة الدائمة :  نصاب الذهب عشرون مثقالاً، وعشرون المثقال تساوي أحد عشر جنيهًا سعوديًّا وثلاثة أسباع الجنيه، ونصاب الفضة مائة وأربعون مثقالاً، وهي مائتا درهم من الدراهم الموجودة في عهد النبي صلى الله عليه وسلم وهي تساوي ستة وخمسين ريالاً سعوديًّا فضيًّا، فإذا اجتمع لدى المسلم من العملة المذكورة التركية ما يعادل نصاب الذهب أو الفضة وحال عليها الحول وجبت فيه الزكاة، وأخرج منه ربع العشر، وفي حالة بلوغ الموجود من العملة المذكورة كلاًّ من نصاب الذهب أو نصاب الفضة فتقدر بالأحظ للفقراء منهما لكونه أنفع لهم أما إذا بلغت مقدار نصاب أحدهما دون الآخر فيجب تقديرها بما بلغته منهما. 
وبالله التوفيق وصلى الله على نبينا محمد وآله وصحبه وسلم.
 - عبد العزيز بن باز، عبد الله بن قعود ، عبد الله غديان ، عبد الرزاق عفيفي.

Share:

0 comments:

Post a Comment