08 July 2015

ഞാൻ ഇത്രയും അഹങ്കാരി ആയിരുന്നോ..?

ഒരിക്കല്‍ സുഗന്ധം പൂശി, അഴകാര്‍ന്ന വസ്ത്രം ധരിച്ച്, പ്രൌഡിയോട് കൂടി

ഒരു ധനികന്‍ നടന്നു പോകുന്നത് നബിയും ശിഷ്യരും കണ്ടു...

''എന്താണ് അയാളെ പറ്റി നിങ്ങളുടെ അഭിപ്രായം..?''

നബി ചോദിച്ചു..

''നബിയെ അയാള്‍ എല്ലാര്‍ക്കും സ്വീകാര്യനാണ്.. ശുപാര്‍ശ പറഞ്ഞാല്‍
ആള്‍ക്കാര്‍ കേള്‍ക്കും,കല്യാണമാലോചിച്ചാല്‍ ആരും തള്ളില്ല.. സദസ്സുകളില്‍ 
ക്ഷണിക്കപ്പെടും..''

നബി ഒന്നും മിണ്ടിയില്ല...

അല്പം കഴിഞ്ഞു വേറൊരാള്‍ അതു വഴി പോയി.. ഒരു സാധു.. സാധാ
വസ്ത്രം, ഒരു പകിട്ടോ പ്രതാപമോ ഇല്ല...

''അയാളെപ്പറ്റി എന്ത് പറയുന്നു..?''

നബി വീണ്ടും ചോദിച്ചു

''നബിയെ, അയാളെ ആരും വിലവെക്കില്ല, ശുപാര്‍ശ പറഞ്ഞാല്‍
സ്വീകരിക്കില്ല... സദസ്സുകളില്‍ ക്ഷണിക്കപ്പെടില്ല ..''

നബി അല്‍പ നേരം മൗനം ദീക്ഷിച്ചു.. പിന്നെ മെല്ലെ പറഞ്ഞു..

''ആദ്യം പോയ ആളുകള്‍ ഭൂമി നിറച്ചുണ്ടായിട്ടും കാര്യമില്ല.. രണ്ടാമത് പോയവനാണ് ശ്രേഷ്ടന്‍..,..''

ശിഷ്യര്‍ അമ്പരന്നു...നബി തുടര്‍ന്നു..

''സ്വര്‍ഗം എനിക്ക് കാണിച്ചപ്പോള്‍ അതില്‍ കൂടുതലും ഞാന്‍ കണ്ടത് ദരിദ്രരെ ആയിരുന്നു...''

പിന്നീട് ആകാശത്തേക്ക് കൈ ഉയര്‍ത്തി നബി പ്രാര്‍ത്ഥിച്ചു

''അല്ലാഹുവേ നീയെന്നെ ദരിദ്രനായി ജീവിപ്പിക്കുകയും, ദരിദ്രനായി മരിപ്പിക്കുകയും ചെയ്യേണമേ...

പിന്നീടൊരിക്കല്‍ ഒരു യാത്ര കഴിഞ്ഞു വരും വഴി നബിയും , ശിഷ്യരും ഒരിടത്ത് തമ്പടിച്ചു... ശിഷ്യര്‍ വളരെ ഉച്ചത്തില്‍ ദിക്ര്‍ ( ദൈവ സ്ത്രോത്രം ) ചൊല്ലാന്‍ തുടങ്ങി

ഉടനെ നബി ശാസിച്ചു..

''ശബ്ദം താഴ്ത്തൂ... ചെവി പൊട്ടനെയല്ല, നിങ്ങളുടെ കണ്ഠനാഡിയെക്കാള്‍ അടുത്തവനെയാണ് നിങ്ങള്‍ വിളിക്കുന്നത്‌..''

ബെന്‍സ്‌ കാറില്‍ വന്ന്, പാതിരാത്രി ,മൈക്കും വെച്ച് ചെവി പൊട്ടും ഉച്ചത്തില്‍ അല്ലാഹുവെ അലറി വിളിക്കുന്നവര്‍ ഏതു മതത്തെയാണ് പ്രതിനിധീകരിക്കുന്നത്..?

പെരുന്നാളിന് ബൈക്കുകളില്‍ കൂകി വിളിച്ചും, നിരന്തരം ഹോണ്‍ അടിച്ചും ആഘോഷം ഉപദ്രവമാക്കി മാറ്റുന്ന സമുദായ യൗവനം ഏതു നബിയെ ആണ് സ്നേഹിക്കുന്നത്..?

പാവപ്പെട്ടവന് സദസ്സില്‍ ഇടം നല്‍കാതെ , പണക്കാരനെ കാണുമ്പോള്‍ എഴുന്നേറ്റു നിന്ന് ആദരിക്കുന്ന പണ്ഡിതര്‍ ഏതു നബിയെ ആണ് പിന്‍ പറ്റുന്നത്..?

നാല് നേരം ഇറച്ചിയും , മീനും തിന്നു ഇസ്‌ലാമിക മഹത്വം വിളമ്പുന്ന ഞാനും, നിങ്ങളും അറിയണം നമ്മുടെ നബിയെ...

ഇളം ആട് മാംസം കണ്ണ് കൊണ്ട് കണ്ടിട്ട് പോലുമില്ലാത്ത പുണ്യ പ്രവാചകനെ....

അധിക ദിവസവും പട്ടിണി ആയിരുന്നു അവിടുന്ന്...

മരിക്കുന്ന സമയത്ത് സ്വന്തം പടയങ്കി ഒരു ജൂതനു പണയം വെച്ചിരിക്കുകയായിരുന്നു..!

ഒരു പായ, ഒരു പുതപ്പ്, രണ്ടു പാത്രം, തീര്‍ന്നു നബിയുടെ സമ്പാദ്യം..

ബുര്‍ജ് ഖലീഫയുടെ ഉയരം പറഞ്ഞു മത്സരിക്കുന്നവരും, സ്വത്തിന്‍റെ പേരില്‍ തമ്മിലടിക്കുന്ന ഉസ്മാനും, കബീറും, ജമീലയുമൊക്കെ ഇതറിയാതെ പോകുന്നു...

ഒരിക്കല്‍ ബദാം കലക്കിയ പാനീയം ആരോ സമ്മാനമായി നല്‍കിയപ്പോള്‍ അതു വാങ്ങാന്‍ കൈ നീട്ടിയ നബി പിന്നെ പറഞ്ഞു:

''ഇത് റോമ ചക്രവര്‍ത്തിമാര്‍ കുടിക്കുന്ന പാനീയമാണ്.. ഇതെന്നെ അഹങ്കാരിയാക്കുമോ എന്ന് ഞാന്‍ ഭയക്കുന്നു.. അതു കൊണ്ട് എനിക്ക് ഇത് കുടിക്കാനാവില്ല..'' എന്ന്..!

ബദാം ഷേകും കുടിച്ച്, തന്തൂരി ചിക്കന്‍ കടിച്ചു പറിച്ച്..

പാവങ്ങളില്‍ നിന്നും മുഖം തിരിച്ച്..
എനിക്കിതുണ്ട്, അവനതില്ല എന്ന് ഊറ്റം കൊണ്ട്..
ഭൂമി ചവിട്ടിക്കുലുക്കി നടക്കുന്ന,
നമുക്ക് പറയാന്‍ ലജ്ജയില്ലേ..
നമ്മുടെ നബി മുഹമ്മദാണെന്ന്...!
സല്ലല്ലാഹു അലൈഹിവസല്ലം.

Share:

0 comments:

Post a Comment