ഇന്‍റെര്‍നെറ്റ് സോഷ്യല്‍ മീഡിയകളില്‍ ഈ അടുത്തായി വളരെയധികം ആളുകള്‍ പ്രചരിപ്പിക്കുന്ന ഒന്നാണ് മുഹമ്മദ് നബി (സ) 1500 കൊല്ലം മാത്രമേ ഖബറില്‍ കിടക്കൂ എന്നും, ഭൂമിയുടെ ആകെ ആയുസ്സ് 7000 കൊല്ലം ആണെന്നും അത് കൊണ്ട് തന്നെ ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ ലോകാവസാനം ആണെന്നുമൊക്കയുള്ള ചില വാറോലകളുടെ അടിസ്ഥാനത്തിലുള്ള പ്രചരണം.
ഈ വിഷയത്തില്‍ തെളിവിനായി കൊണ്ടുവരുന്ന ഒരു ഹദീസും പ്രമാണ യോഗ്യമോ സ്വഹീഹോ അല്ല ദുര്‍ബലവും കെട്ടിച്ചമച്ചതും ആണ് എന്നത് തന്നെ മതി ഈ പ്രചരണം കെട്ടുകഥ ആണ് എന്ന് മനസ്സിലാക്കാന്‍.
ഇമാം സുയൂത്വി തന്‍റെ അല്‍ ഹാവി ലില്‍ ഫതാവയില്‍ 2/249 ല്‍ ഇത് രേഖപ്പെടുത്തി എന്നത് കൊണ്ട് മാത്രം അത് പ്രാമാണികമാകില്ല. ഈ കണക്ക് ശരിയാകുമായിരുന്നെങ്കില്‍ നമുക്ക് ഓരോരുത്തര്‍ക്കും അന്ത്യനാളിനെക്കുറിച്ച് കൃത്യമായി പറയാന്‍ കഴിയുമായിരുന്നു.
ഇനി ഈ പറയുന്നത് ശരിയാണ് എന്ന് ഒന്ന് സങ്കല്പിച്ചു നോക്കിയാല്‍ തന്നെ സംഭവിക്കുന്ന ചില പ്രശ്നങ്ങള്‍ :-
1. ഇത് ഖുര്‍ആന്‍ പഠിപ്പിച്ചതിന് എതിരാണ്.
------------------------------
"ജനങ്ങള്‍ അന്ത്യസമയത്തെപ്പറ്റി നിന്നോട് ചോദിക്കുന്നു. പറയുക: അതിനെപ്പറ്റിയുള്ള അറിവ് അല്ലാഹുവിങ്കല്‍ മാത്രമാകുന്നു. നിനക്ക് ( അതിനെപ്പറ്റി ) അറിവുനല്‍കുന്ന എന്തൊന്നാണുള്ളത്?അന്ത്യസമയം ഒരു വേള സമീപസ്ഥമായിരിക്കാം." (സൂറ : അഹ്സാബ്- 63)
"തീര്‍ച്ചയായും അല്ലാഹുവിന്‍റെ പക്കലാണ് അന്ത്യസമയത്തെപ്പറ്റിയുള്ള അറിവ്. അവന്‍ മഴപെയ്യിക്കുന്നു. ഗര്‍ഭാശയത്തിലുള്ളത് അവന്‍ അറിയുകയും ചെയ്യുന്നു. നാളെ താന്‍ എന്താണ് പ്രവര്‍ത്തിക്കുക എന്ന് ഒരാളും അറിയുകയില്ല. താന്‍ ഏത് നാട്ടില്‍ വെച്ചാണ് മരിക്കുക എന്നും ഒരാളും അറിയുകയില്ല. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു."
(സൂറ : ലുഖ്മാന്‍ - 34 )
☝അന്ത്യ ദിനത്തെക്കുറിച്ച് പ്രവാചകനോട് ചോദിക്കുന്നവര്‍ക്ക് മറുപടിയായി പറയാന്‍ അല്ലാഹു പറഞ്ഞത് , ആ അറിവ് അല്ലാഹുവിന്നരികില്‍ ആണെന്നാണ്.
2.ഇത് സ്വഹീഹായ ഹദീസിനും എതിരാണ്.
-------------------------------
മനുഷ്യ രൂപത്തില്‍ ജിബ്രീല്‍ (അ) ഒരിക്കല്‍ പ്രവാചക സന്നിധിയില്‍ വന്നു ചോദിച്ചു , പ്രവാചകരെ എപ്പോള്‍ ആണ് അന്ത്യദിനം ? പ്രവാചകന്‍റെ മറുപടി ഇങ്ങനെയായിരുന്നു ,” ചോദിച്ചയാളെക്കാള്‍ ചോദിക്കപ്പെട്ടയാള്‍ക്ക് അറിവില്ല “.
(സ്വഹീഹ് മുസ്‌ലിം)
ഇമാം സുയൂത്വി ഇത്തരം വിഷയങ്ങളില്‍ പറഞ്ഞത് പലതും തനിച്ച അബദ്ധങ്ങള്‍ ആണെന്ന് പണ്ഡിതന്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
നബി (സ) യുടെ വഫാത്തിനു ശേഷം 1200 കൊല്ലം കഴിഞ്ഞാല്‍ ഇമാം മഹ്ദി വരും എന്നാണു സുയൂത്വി പറഞ്ഞത്, ഇപ്പോള്‍ 1400 കഴിഞ്ഞിട്ടും മഹ്ദി ഇമാം വന്നിട്ടില്ല !
സൂര്യന്‍ പടിഞ്ഞാര്‍ ഉദിച്ചു കഴിഞ്ഞതിനു ശേഷം 120 കൊല്ലം ഭൂമിയില്‍ മനുഷ്യര്‍ ഉണ്ടാകും എന്നാണു സുയൂത്വി പറയുന്നത്. എങ്കില്‍ ഇന്ന് പ്രചരിപ്പിക്കപ്പെടുന്ന കണക്ക് വെച്ച് നോക്കുമ്പോള്‍ 20 വര്‍ഷങ്ങള്‍ക്ക് മുമ്പേ സൂര്യന്‍ പടിഞ്ഞാര്‍ ഉദിച്ചിട്ടുണ്ടാകണം !
സുയൂത്വിയുടെ വാദപ്രകാരം ലോകാവസാനത്തിനും 100 കൊല്ലം മുമ്പേ ദജ്ജാല്‍ പുറപ്പെടും എന്നാണ്. പിന്നീട് ഈസാ (അ) വരികയും ദജ്ജാലിനെ കൊല്ലുകയും തുടര്‍ന്ന്‍ 40 വര്‍ഷം ഇവിടെ ഭരണം നടത്തുകയും ചെയ്യേണ്ടതുണ്ട്. വിവര ദോഷികളുടെ ഇന്നത്തെ പ്രചരണം അനുസരിച്ച് നോക്കുമ്പോള്‍ ദജ്ജാല്‍ വരേണ്ട സമയം കഴിഞ്ഞു പോയി !
ചുരുക്കത്തില്‍ , അന്ത്യ ദിനത്തിന്‍റെ ചില അടയാളങ്ങള്‍ പറഞ്ഞു എന്നല്ലാതെ അത് എപ്പോള്‍ ആണെന്ന് ഖുര്‍ആനോ നബി (സ) യോ പഠിപ്പിച്ചിട്ടില്ല. അന്ത്യനാളിനോട് അനുബന്ധിച്ച് വിവരക്കേടും , ജാഹിലുകളും വര്‍ദ്ധിക്കും എന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്.
അതാണ് ഇത്തരം പ്രചരണങ്ങളിലൂടെ നാം തിരിച്ചറിയേണ്ടത്.
അല്ലാഹു അനുഗ്രഹിക്കട്ടെ..
0 comments:
Post a Comment