17 November 2015

നബിയുടെ (സ) നമസ്കാര രൂപം - Part 5

9 - തക്ബീർ ചൊല്ലി, കൈകളും കാൽമുട്ടുകളും നിലത്തുവെച്ചു സുജൂദ് ചെയ്യുക. കൈകാലുകളുടെ വിരലുകൾ ഖിബ്ലയുടെ നേർക്കാക്കിയും രണ്ടു കയ്യിന്റെയും വിരലുകൾ ചേർത്തും നീട്ടിയുമാണ് വെക്കേണ്ടത്.
ഏഴ് അവയവങ്ങൾകൊണ്ടാണ് സുജൂദ് ചെയ്യേണ്ടത്: നെറ്റി (മൂക്ക് നിലത്തുതട്ടുന്നവിധം), രണ്ടു കൈകൾ,രണ്ടു കാൽമുട്ടകൾ, രണ്ടുകാലുകളുടെയും പളളഭാഗങ്ങൾ എന്നിവയാണത്.

അപ്പോൾ പറയേണ്ടത്
سبحان ربي الأعلى

(ഉന്നതനായ എന്റെ രക്ഷിതാവിന്റെ പരിശുദ്ധി യെ ഞാൻ വാഴ്ത്തുന്നു..) മൂന്നോ, അതിലധികമോ ഇത് ആവർത്തിക്കുന്നത് സുന്നത്താണ്.

അതോടൊപ്പം ഇങ്ങനെ പറയുന്നതും സുന്നത്താണ്:-

سبحانك اللهم ربنا وبحمدك اللهم اغفر لي

(ഞങ്ങളുടെ രക്ഷിതാവായ അല്ലാഹുവേ, നീ മഹാപരിശുദ്ധനാണ്. നിന്നെ സ്തുതിക്കുന്നു. അല്ലാഹുവേ, എനിക്ക് പൊറുത്തുതരേണമേ.)
മറ്റു പ്രാർത്ഥനകൾ അധികരിപ്പിക്കുകയും ചെയ്യുക. നബി(സ)ഇങ്ങനെ പറഞ്ഞിട്ടുണ്ട്:-

"റുകൂഇൽ നിങ്ങൾ അല്ലാഹുവിനെ മഹത്വപ്പെടുത്തിക്കൊണ്ടിരിക്കുക. സുജൂദിലാണെങ്കിൽ പ്രാർത്ഥിക്കുവാൻ പരമാവധി യത്നിക്കുക. കാരണം അതു നിങ്ങൾക്ക് ഉത്തരം ലഭിക്കുവാൻ ഏറ്റവും യോജിച്ച സന്ദർഭമാണ്) അതിനാൽ ഐഹികവും പാരത്രികവുമായ എല്ലാ നന്മകളും റബ്ബിനോട് ചോദിക്കുക. അതിന് നമസ്കാരം ഫറളായതായാലും സുന്നത്തായതായിരുന്നാലും പ്രശ്നമില്ല.

സുജൂദിൽ തന്റെ രണ്ടു തോൾകൈകളും പാർശ്വങ്ങളിൽ നിന്നും അകറ്റിവെക്കുകയും കൈമുട്ടുകൾ രണ്ടും നിലത്തുനിന്നു ഉയർത്തുകയും ചെയ്യുക. നബി(സ)പറയുന്നു: "നിങ്ങൾ സുജൂദിൽ നേരെ വെക്കുവിൻ. നായ പരത്തിവെക്കുന്നതുപോലെ നിങ്ങളിലൊരാളും തന്റെ കൈമുട്ടുകൾ പരത്തി വെക്കരുത്.

10 - തക്ബീർ ചൊല്ലി തല ഉയർത്തുകയും, ഇടതുകാൽ വിരിച്ചുകൊണ്ട് അതിന്മൽ ഇരിക്കുകയും, വലതുകാൽ നാട്ടി വെക്കുകയും, ഇരുകൈകളും രണ്ടു തുടകളിലും കാൽമുട്ടുകളിലുമായി വെക്കുകയും, ഈ ഇരുത്തത്തിൽ അൽപം അടങ്ങിക്കഴിയുകയും ഇങ്ങനെ പ്രാർത്ഥിക്കുകയും ചെയ്യുക:-

رب اغفر لي وارحمني واهدني وارزقني وعافني واجبرني
.
(രക്ഷിതാവേ, എന്റെ പാപങ്ങൾ പൊറുക്കുകയും, എന്നോട് കരുണകാണിക്കുകയും, എന്നെ സന്മാർഗത്തിലേക്ക്നയിക്കുകയും, എനിക്ക് ആഹാരം നൽകുകയും, എനിക്ക് സുഖം തരികയും, എന്റെ പ്രശ്നങ്ങൾ പരിഹരിച്ചുതരുകയും ചെയ്യേണമേ.)

11 - തക്ബീർ ചൊല്ലിക്കൊണ്ട് രണ്ടാമത്തെ സുജൂദും ചെയ്യുക. ഒന്നാമത്തേതിൽ ചെയ്തത്പോലെതന്നെ അതിലും ചെയ്യുക.

12 - തക്ബീർ ചൊല്ലിക്കൊണ്ട് തല ഉയർത്തി രണ്ടു സുജൂദുകൾക്കിടയിലുളള ഇരുത്തത്തെപോലെ ലഘുവായി ഒന്ന് ഇരിക്കുകയും ചെയ്യുക. ഈ ഇരുത്തത്തിന് 'ഇസ്തിറാഹ'യുടെ ഇരുത്തം എന്നാണ് പേര്. ഇത് ഉപേക്ഷിക്കുകയാണെങ്കിലും കുഴപ്പമൊന്നുമില്ല. ഇതിൽ എന്തെങ്കിലും ദിക്റോ പ്രാർത്ഥനയോ ഇല്ല. പിന്നീട് സൌകര്യപ്പെടുമെങ്കിൽ തന്റെ ഇരുകാൽമുട്ടുകളിലും ഊന്നിക്കൊണ്ട് രണ്ടാമത്തെ റക്അത്തിലേക്ക് എഴുനേറ്റ്നിൽക്കുക, അതിനു പ്രയാസമാണെങ്കിൽ നിലത്തുതന്നെ ഊന്നിയായിരുന്നാലും മതി. അനന്തരം ഫാതിഹ ഓതുകയും ഖുർആനിൽ നിന്നും തനിക്ക് സൌകര്യപ്പെടുന്ന വല്ലതും ഓതുകയും ചെയ്യുക.

Share:

0 comments:

Post a Comment